നൈല ഉഷയ്ക്കും മിഥുന്‍ രമേശിനും യു.എ.ഇ ഗോൾഡൻ വിസ

0

മലയാള സിനിമാതാരങ്ങളായ നൈല ഉഷയ്ക്കും മിഥുന്‍ രമേശിനും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച കാര്യം അറിയിച്ചത്.നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യു.എ.ഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

യു.എ.ഇയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസക്കാരാണ് നൈലയും മിഥുനും. സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് യു.എ.ഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്‍റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018ലാണ് യു.എ.ഇ സര്‍ക്കാര്‍ ആരംഭിച്ചത്.

മലയാളി താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു. ഇതിന് ശേഷം ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചു. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്.