തിരുവനന്തപുരം: പ്രഫഷണല്‍ മാജിക് ഷോ അവസാനിപ്പിച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഇനിമുതല്‍ പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നഷേഷിക്കാരായ കുട്ടികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നീണ്ട നാലര പതിറ്റാണ്ടായി മുതുകാട് മാജിക് രംഗത്തുണ്ട്. വിദേശത്തും ഇന്ത്യയുടെ പല ഭാഗങ്ങളിലുമായും നിരവധി മാജിക് ഷോകള്‍ നടത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. അതിനാല്‍ മാജിക് അവസാനിപ്പിക്കുകയാണ്. രണ്ടും കൂടി ഒരുമിച്ച് കൊണ്ടു പോകാനാവില്ല. മാജിക് അതിന്റെ പൂര്‍ണതയിലെത്തണമെങ്കില്‍ ഒരുപാട് ഗവേഷണങ്ങള്‍ ആവശ്യമുണ്ട്. ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ അത്തരത്തില്‍ ഗഹനമായ ഗവേഷണം സാധ്യമല്ല. അതിനാല്‍ ഇനിമുതല്‍ പ്രഫഷണല്‍ മാജിക് ഷോകള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.