തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥൻ നായർ (100) അന്തരിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 8.45ഓടെയായിരുന്നു അന്ത്യം. വീട്ടിൽ കാൽ വഴുതി വീണ് തലയ്ക്ക് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഒരു മാസമായി ആശുപത്രിയിലായിരുന്നു.
നെയ്യാറ്റിൻകര കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പദ്മനാഭ പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1922 ജൂലായ് ഏഴിനാണ് ജനനം. നൂറാം പിറന്നാളിന് രണ്ട് ദിവസം ശേഷിക്കെയാണ് അന്ത്യം. രാവിലെ 8.30 മുതൽ പത്തു വരെ നിംസ് ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. 10.45ന് തൈക്കാട് ഗാന്ധി സ്മാരക നിധി മന്ദിരത്തിൽ. ഒരു മണിക്ക് നെയ്യാറ്റിൻകര ടൗൺ ഹാളിൽ. നാലു മണിക്ക് വസതിയായ നെയ്യാറ്റിൻകര ടി.ബി. ജംഗ്ഷനിലെ നാരായണ മന്ദിരത്തിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം.
പത്ത് വയസുള്ളപ്പോൾ സ്വാമി വിവേകാനന്ദനിൽ ആകൃഷ്ടനായി. അത് ശാന്തിനികേതനിൽ എത്തിച്ചു. ശാന്തിനികേതനിൽ പഠനം പൂർത്തിയാക്കാതെ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സാമൂഹിക സേവനത്തിലേക്ക് തിരിഞ്ഞു. പന്ത്രണ്ടാം വയസിൽ നെയ്യാറ്റിൻകരയിൽ വച്ച് ഗാന്ധിജിയെ നേരിട്ട് കണ്ടു. ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ സ്റ്റേറ്റ് കോൺഗ്രസിൽ സജീവമായി. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോളജ് ബഹിഷ്കരിച്ച് ഉപവാസം നടത്തിയതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ചൈനയിലെ കൾച്ചറൽ അറ്റാഷെ ജോലി ഉറപ്പായിരുന്നിട്ടും നാട്ടിലേക്ക് മടങ്ങി.
1995ൽ വാർദ്ധയിൽ സേവാഗ്രാം ആശ്രമത്തിൽ ചേർന്നു. അഞ്ച് വർഷം സേവാഗ്രാമിന്റെ അദ്ധ്യക്ഷനായിരുന്നു. ആചാര്യ വിനോബാഭാവെ, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം കൈത്തറി,ഭൂദാൻ,ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. വിനോബാഭാവെയുടെ ഭൂദാന പദയാത്രയിൽ 13 വർഷവും പങ്കെടുത്തു. പിന്നീട് സർവസേവാ സംഘത്തിന്റെ ദേശീയ പ്രസിഡന്റായി. കുട്ടനാട്ടിലെ കർഷകത്തൊഴിലാളി സംഘർഷത്തിന് അറുതി വരുത്താൻ ഗാന്ധിപീസ് ഫൗണ്ടേഷന്റെ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനും മുന്നിട്ടിറങ്ങി. 2016ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. സരസ്വതി അമ്മയാണ് ഭാര്യ.