തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം കെഎസ്ആര്‍ടിസി ധനസഹായം നല്‍കും. അടിയന്തിരമായി രണ്ടു ലക്ഷം രൂപയും പിന്നീട് ബാക്കി തുകയും നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
മരിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ ധനസഹായവും നല്‍കും. കെ.എസ്.ആര്‍.സിയുടെ ഇന്‍ഷൂറന്‍സ് തുകയാണിത്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 25 പേരാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. മരിച്ച 19 പേരില്‍ 18 പേരും മലയാളികളാണ്.