തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു
കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്ക് അലവന്‍സ് നല്‍കിയില്ലെന്നും ശമ്പള പരിഷ്കരണം നടപ്പാക്കിയപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിന്റെ ഭാഗമാകും.
നവംബർ ഒന്നു മുതൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവന്നിരുന്ന നിൽപ്പുസമരം സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവച്ചിരുന്നു. ഈ ഉറപ്പ് സർക്കാർ പാലിക്കാത്തതിനെ തുടർന്നാണു സമരം പുനരാരംഭിക്കാൻ തീരുമാനിച്ചത്.