ന്യൂഡൽഹി ∙ വിമാനയാത്രയ്ക്കിടയിലും ഇന്റർനെറ്റ് ഉപയോഗിക്കാൻ വഴിയൊരുങ്ങുന്നു. ഇന്ത്യയിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ വൈ ഫൈ സേവനം ലഭ്യമാക്കുന്നതിന് അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
വിമാന നിയമങ്ങൾ 937 ചട്ടങ്ങൾ ഭേഗഗതി ചെയ്തുകൊണ്ടാണിത്. 1934ലെ എയർക്രാഫ്‌റ്റ് ആക്‌ട് പ്രകാരമുള്ല ചട്ടങ്ങളാണ് ഇപ്പോൾ പരിഷ്കരിച്ചത്. ഇതോടെ വിമാനയാത്രകളിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ തീരുമാനമായി.
മണിക്കൂറുകള്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വിമാനത്തിലിരുന്നും ജോലി ചെയ്യാം. മെയിലുകള്‍ അയയ്ക്കാം. ലോകത്തു നടക്കുന്നതെന്തെന്ന് അനുനിമിഷം അറിയുകയും ചെയ്യാം. ചാറ്റ് ചെയ്യുകയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളും കമന്റുകളും അപ്‌ലോഡ് ചെയ്യുകയും ചെയ്യാം.
ഇൻന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകളിലും സേവനം സജ്ജമാക്കും. വൈ ഫൈ ഉപയോഗിച്ചുള്ള വോയ്സ് കോൾ സേവനവും ഭാവിയിൽ ലഭ്യമാക്കുമെന്നു വ്യോമയാന വൃത്തങ്ങൾ അറിയിച്ചു.
വിമാനത്തിനുള്ളിൽ സജ്ജമാക്കുന്ന വൈ ഫൈ സംവിധാനം ലാപ്ടോപ്, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, ഇ റീഡർ, ടാബ്‌ലറ്റ് എന്നിവയിൽ ലഭ്യമാക്കും. ആർക്കൊക്കെ നൽകണമെന്നു തീരുമാനിക്കാനുള്ള അധികാരം പൈലറ്റിനായിരിക്കും.
പൈലറ്റ് വൈ-ഫൈ ഓണ്‍ ചെയ്യുന്നത് അനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കും. ഹാന്‍ഡ്‌സെറ്റ് ഫ്‌ലൈറ്റ് മോഡിലേക്ക് മാറ്റണം. കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെടുവിച്ച കരട് ചട്ടങ്ങള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഓരോ വിമാനത്തിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കണമെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ പ്രത്യേക ഇന്റര്‍നെറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി നേടണം. എമിററ്റ്‌സ് ഉള്‍പ്പെടെയുള്ള വിദേശ വിമാന സര്‍വിസുകളില്‍ നേരത്തെ തന്നെ വൈഫൈ നല്‍കുന്നുണ്ട്.
വിമാനത്തിന്റ വാതിലുകൾ അടയ്ക്കുന്നതു മുതൽ തുറയ്ക്കും വരെ നെറ്റ് ഉപയോഗിക്കരുതെന്നാണ് സാധാരണയായി പുറപ്പെടുവിക്കുന്ന നിർദേശം. എന്നാൽ ഇനി ആ നിർദേശത്തിന് മാറ്റം വരും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്‌റോ) ഉപയോഗിക്കുന്ന ജിസാറ്റ് 14 ഉപഗ്രഹം വഴിയാവും വൈ ഫൈ സജ്ജമാക്കുക. വിമാനം പറന്നുയരുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ലഭിക്കില്ല.