കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍

0

മലപ്പുറം: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ റണ്‍വേ വികസിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രി വി അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തി. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി വി അബ്ദുറഹ്‌മാന്‍ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു. റണ്‍വേ വികസനത്തിന് വ്യോമയാന മന്ത്രാലയം 18 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടിരുന്നു.

ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ നൂറ് ഏക്കര്‍ വേണമെന്ന നിലപാടിലായിരുന്നു കേന്ദ്രം. എന്നാല്‍, അത്രയും വേണ്ടെന്നും ചുരുങ്ങിയത് 18.5 ഏക്കര്‍ മതിയെന്ന നിലപാടിലേക്ക് കേന്ദ്രം മാറുകയായിരുന്നു. ഈ ഘട്ടത്തില്‍, സ്ഥലമുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി പ്രസ്തുത ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കരിപ്പൂര്‍ വിമാനത്തവാളത്തിലെ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.