സർക്കാർ വില്പനക്കാരനോ?

0

മഹത്തായ ജനാധിപത്യ ഭാരതത്തിൻ്റെ ധനകാര്യ മന്ത്രിയെ ഇനി ആ പേരിൽ വിശേഷിപ്പിക്കുന്നതിൽ ഔചിത്യമുണ്ടെന്ന് തോന്നുന്നില്ല. രാഷ്ട്ര ഭാഷയിൽ ധന മന്ത്രിയെ വിത്ത മന്ത്രി എന്നാണ് പറയുന്നത്. എന്നാൽ ശ്രീമതി നിർമലാ സീതാരാമനെ വിത്ത് എടുത്ത് കുത്തിത്തിന്നുന്ന മന്ത്രി എന്ന് വിശേഷിപ്പിക്കുന്നതാണ് കൂടുതൽ അനുയോജ്യം. അവരുടെ പുതിയ സാമ്പത്തിക പദ്ധതിയിലുടെ രാജ്യത്തിൻ്റെ വിൽക്കാൻ ബാക്കിയുള്ള അഭിമാന സ്ഥാപനങ്ങളെല്ലാം പാട്ടത്തിനെന്ന പേരിൽ സ്വകാര്യ കുത്തകകൾക്ക് തീരെഴുതാനുള്ള ഗൂഢാലോചനയാണ് നടന്ന് കൊണ്ടിരിക്കുന്നത്.

മൻകീ ബാത്തിൽ ആത്മ നിർഭര തയെപ്പറ്റി വാചാലനാകുന്ന നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിൻ്റെ നിരർത്ഥകത അവഗണിക്കാൻ കഴിയില്ല. സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ വേളയിൽ നാളിതുവരെ നാം മുതൽക്കൂട്ടിയതും നമ്മുടെ അഭിമാനങ്ങളുമായിരുന്ന നവരത്ന സ്ഥാപനങ്ങൾ ചരിത്ര സ്മൃതിയായി തീരുകയാണ്.

എല്ലാം വില്പനക്കാണെങ്കിൽ എന്തിനാണൊരു സർക്കാർ എന്ന് സാധാരണക്കാർ ചിന്തിച്ചു പോയാൽ കുറ്റം പറയാൻ കഴിയില്ല. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി പോലും ചെയ്യാൻ മടിച്ചിരുന്ന കാര്യമാണ് ആത്മനിർഭര സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. നമുക്ക് കാഴ്ചക്കാരായി മാറി നിൽക്കാം. ഒരു കാര്യം ഓർമ്മിപ്പിക്കാതിരിക്കാതെ നിർവ്വാഹമില്ല. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം നടത്തി ജീവത്യാഗം ചെയ്തവരുടെ സ്വപ്നങ്ങളും രാഷ്ട്രത്തെപ്പറ്റിയുള്ള പ്രതീക്ഷകളും പ്രത്യാശയുമാണ് ഇവിടെ ഹോമിക്കപ്പെടുന്നത്. ഓർമ്മകളുണ്ടായിരിക്കണം.