ഇന്ത്യയിലുമുണ്ട് ഒരു ഗ്രാന്‍ഡ് കാന്യന്‍; അതും നമ്മുടെ അയല്‍സംസ്ഥാനത്ത്

0

ഇന്ത്യയിലൊരു ഗ്രാന്‍ഡ്‌ കാന്യന്‍ ചെറിയ പതിപ്പ് ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ? ദൂരെയെങ്ങുമല്ല നമ്മുടെ അയല്‍ സംസ്ഥാനത്ത് തന്നെ. അതെ ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗണ്ടികോട്ടയാണ് ഇന്ത്യയുടെ ഗ്രാന്‍ഡ് ക്യാന്യന്‍. കൊളറാഡോ നദിയെ ചുറ്റിപറ്റിയാണ് ഗ്രാന്‍ഡ് കാന്യന്‍ എങ്കില്‍ ഇവിടെ ഗണ്ടികോട്ടയെ ചുറ്റി ഒഴുകുന്നത് പെണ്ണാര്‍ നദിയാണ്.

കടപ്പാ ജില്ലയില്‍ ജമ്മലമഗുഡു എന്ന സ്ഥലത്തു നിന്നും 15 കിലോമീറ്റര്‍ അകലെയായാണ് ഗണ്ടികോട്ട. ചെങ്കുത്തായ മലനിരകളും ഗ്രാനൈറ്റ് മലകളും ഇവിടുത്തെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോഴും നിരവധി ഗവേഷണങ്ങള്‍ നടക്കുന്ന സ്ഥലം കൂടിയാണിത്. ആന്ധ്രാപ്രദേശിന്റെ ചരിത്രത്തില്‍ ഗണ്ടികോട്ടയ്ക്ക് തനതു സ്ഥാനം തന്നെയുണ്ട്. കാകതിയ, വിജയനഗര, കുത്തബ്ഷാഹി കാലഘട്ടങ്ങള്‍ ഈ സ്ഥലവുമായി ഇഴകിചേര്‍ന്ന് കിടക്കുന്നുണ്ട്. വിജയനഗരസേനയുടെ സേനാധിപന്മാരായിരുന്ന പെമ്മസനി നായിഡുകളുടെ പരമ്പര ഇവിടെ മുന്നൂറുവര്‍ഷത്തോളം ഭരിച്ചിരുന്നു. പിന്നീട് ഗോല്‍കണ്ടി കോട്ട കുത്തബ്ഷാഹിയുടെ കൈകളിലെത്തി.

ഇപ്പോഴും ഈ ചരിത്രപരമായ കോട്ട ഇവിടെ കാണാം. ഗണ്ടിക്കോട്ട ഫോര്‍ട്ടിനുള്ളില്‍ പഴയ കാലത്തിന്റെ തിരുശേഷിപ്പുകലായ ക്ഷേത്രങ്ങളും ജാമിയ മസ്ജിദും ഒക്കെ കാണാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം വേണ്ടത്ര സംരക്ഷണം ലഭിക്കാതെ നശിച്ച നിലയിലാണ്. എങ്കിലും ഒരു കാലത്തിന്റെ അടയാളപ്പെടുത്തലായി അവ ഇപ്പോഴും സഞ്ചാരികള്‍ക്ക് പ്രിയപെട്ടതാണ്. കടപ്പാജില്ലയിലെ മുധനാരുവാണ് ഗണ്ടികോട്ടയിലേക്ക് പോകുന്നവര്‍ക്ക് ഇറങ്ങാന്‍ പറ്റിയ ഏറ്റുവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്നും ഗണ്ടികോട്ടയിലേക്ക് 26 കിലോമീറ്റര്‍ ദൂരം ഉണ്ടാകും. ജമ്മലമഗുഡുവാണ് ഗണ്ടികോട്ടയ്ക്ക് അടുത്തുള്ള ടൌണ്‍. ഇവിടെ നിന്നും എപ്പോഴും ഗണ്ടികോട്ടയ്ക്കു ബസ് സര്‍വീസ് ഉണ്ടാകും.