കോഴിമുട്ടയുടെ ഉണ്ണിയിഷ്ടമല്ലാത്തവരായി ചുരുക്കം പേരെക്കാണു….ഇതുവരെ നമ്മൾ കണ്ടതും അറിഞ്ഞതുമായ കോഴിമുട്ടയുടെ ഉണ്ണിയുടെ നിറമോ? മഞ്ഞയും. എന്നാൽ മലപ്പുറത്തെ ഒതുക്കുങ്ങൽ ഗാന്ധിനഗറിലെ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബിന്റെ വീട്ടിൽവളർത്തുന്ന ഏഴുകോഴികൾ ആ അറിവ് തിരിത്തിയിരിക്കയാണ്. ഇപ്പോൾ ഈ കോഴികളും അതിന്റെ മുട്ടയുമാണ് സമൂഹമാധ്യങ്ങളിലെ ചൂടൻ ചർച്ചാ വിഷയം. കാര്യം എന്താണെന്നല്ലെ…അവയിടുന്ന മുട്ടകളിൽ കരുവിന് നിറംപച്ചയാണ്.
പച്ചമുട്ടയായാലും പുഴുങ്ങിയതാണെങ്കിലും ഉണ്ണി പച്ചനിറത്തിൽത്തന്നെ. മാസങ്ങൾക്കുമുൻപ് ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കാൻ ഒരു കോഴിമുട്ട പൊട്ടിച്ചപ്പോഴാണ് നിറംമാറ്റം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കേടാണെന്ന് കരുതി അതു കളഞ്ഞു. എന്നാൽ പിന്നീട് ഉണ്ടായ മുട്ടയുടെ കരുവിനും അതേ നിറം. ഇതോടെ എല്ലാ മുട്ടകളും വിരിയിക്കാൻ തീരുമാനിച്ചു. വിരിഞ്ഞിറങ്ങിയവ വലുതായി, മുട്ടയിട്ടതോടെ അവയിലെ കരുക്കൾക്കും പച്ചനിറം തന്നെ. വിഷയം വെറ്ററിനറി സർവകലാശാല അധികൃതരുടെ അടുത്തെത്തി.
മുട്ട പൊട്ടിക്കുമ്പോൾത്തന്നെ ഉണ്ണിക്ക് പച്ചനിറം കാണപ്പെടുന്നുണ്ടെങ്കിൽ അത് തീറ്റയിൽനിന്നുള്ളത് ആകാമെന്നാണ് വെറ്ററിനറി യൂണിവേഴ്സിറ്റി പൗൾട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്. ഹരികൃഷ്ണന്റെ നിഗമനം. കോഴികൾക്കു നൽകുന്ന തീറ്റയിൽ പച്ചപ്പട്ടാണി(ഗ്രീൻപീസ്) കൂടുതലെങ്കിൽ ഇതിനു സാധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം. എന്നാൽ ശിഹാബിന്റെ വീട്ടിൽ അതൊന്നും കോഴികൾക്ക് നൽകുന്നില്ല.
ഇതുകൂടാതെ പരുത്തിക്കുരു തീറ്റയിൽ സ്ഥിരമായി ഉൾപ്പെടുത്തിയാലും ഇത്തരത്തിലൊരു നിറമാറ്റം വരാമെന്ന് ഡോ. ഹരികൃഷ്ണൻ പറയുന്നു. പരുത്തിക്കുരുവിലെ ഗോസിപോൾ എന്ന വിഷാംശം മുട്ടയുടെ ഉണ്ണിക്ക് നേരിയ പച്ചനിറം നൽകാറുണ്ട്. ബേക്കറി അവശിഷ്ടങ്ങൾ നൽകുമ്പോഴും അതല്ലെങ്കിൽ ഏതെങ്കിലും കൃത്രിമ നിറം (dye) തീറ്റയിൽ ഉൾപ്പെട്ടാലും ഉണ്ണിയിലെ പിഗ്മെന്റിനു മാറ്റം വരാം.
ഇവയല്ലാതെ മുട്ടയ്ക്കു പച്ചനിറം കാണപ്പെടുന്നത് പഴകുമ്പോഴാണ്. സ്യൂഡോമൊണാസിന്റെ സാന്നിധ്യമുള്ളപ്പോഴാണ് മുട്ടയ്ക്കു പച്ച നിറം കാണപ്പെടുക. എന്നാൽ, അത് മുട്ടയുടെ വെള്ളയിൽ മാത്രമായിരിക്കും. പഴകിയ മുട്ട കഴിക്കാൻ ഉപയോഗിക്കാനും പാടില്ല.
സാധാരണ തീറ്റയിൽ ചോളം അധികമായുള്ളപ്പോൾ മുട്ടയുടെ ഉണ്ണിക്ക് മഞ്ഞ നിറമായിരിക്കും. അതേസമയം, തൊടിയിൽ അഴിച്ചുവിട്ടു വളർത്തുന്ന കോഴികളുടെ മുട്ടയുടെ ഉണ്ണിക്ക് ഓറഞ്ച് നിറമായിരിക്കും. കൊത്തിപ്പെറുക്കി അവയ്ക്ക് ആവശ്യമായ തീറ്റയും പുല്ലുമൊക്കെ കഴിക്കുമ്പോൾ കരോട്ടിനോയിഡ് പിഗ്‌മെന്റ് ലഭിക്കുന്നതാണ് ഈ ഓറഞ്ച് നിറത്തിനു കാരണം. ഓറഞ്ച് നിറമുള്ള ഉണ്ണിയുള്ള മുട്ടകൾക്ക് കൂടുതൽ പോഷകഗുണമുള്ളതിനാൽ കൂട്ടിൽ അടച്ചു വളർത്തുന്ന മുട്ടക്കോഴികൾക്ക് ജമന്തിയുടെ പൂവിതളുകൾ, ചീര തുടങ്ങി കരോട്ടിനോയിഡുകളുള്ള വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
ഇത്തരത്തിൽ ആദ്യമായി പൂർണമായും പച്ചനിറത്തിലുള്ള മുട്ട റിപ്പോർട്ട് ചെയ്തതിനാൽ അതേക്കുറിച്ചു വിശദമായി പഠിച്ചതിനുശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഡോ. ഹരികൃഷ്ണൻ പറയുന്നു. നിറംമാറ്റമെങ്ങനെ എന്നു പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് സർവകലാശാല അധികൃതർ.