ഹൃദയഭേദകം, ഇന്ത്യയെ സഹായിക്കാന്‍ ലോകസമൂഹം മുന്നോട്ടുവരണം- ഗ്രെറ്റ

1

സ്‌റ്റോക്ക്‌ഹോം: ഇന്ത്യയില്‍ കോവിഡ് 19 രണ്ടാംതരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രതികരണം.

ട്വിറ്ററിലൂടെയാണ് ഗ്രേറ്റ തന്റെ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഹൃദയഭേദകമാണ്. ലോകജനത ഇന്ത്യക്ക് വേണ്ടി മുന്നോട്ടുവരണം. ഇന്ത്യക്കാവശ്യമായ സഹായങ്ങള്‍ നല്‍കണം- എന്നതായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്.

‘സ്‌കൈ ന്യൂസി’ന്റെ ഇന്ത്യയില്‍ നിന്നുള്ള വീഡിയോ റിപ്പോര്‍ട്ട് കൂടി ഗ്രേറ്റ തന്റെ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ദില്ലിയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ഏതാനും മണിക്കൂറുകളുടെ മാത്രം ദൈര്‍ഘ്യതയില്‍ ചികിത്സയ്ക്ക് വേണ്ടി കാത്തിരുന്നവരില്‍ അര ഡസനോളം പേര്‍ മരിച്ചുപോയതായും രോഗികള്‍ ഓക്‌സിജന് വേണ്ടി യാചിക്കുന്ന അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ടര്‍ പറയുന്നുണ്ട്.

പ്രമുഖരടക്കം നിരവധി പേരാണ് ഗ്രേറ്റയുടെ ട്വീറ്റിനോട് പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവരും ട്വീറ്റിന് താഴെ കമന്റുകളുമായി പ്രതികരിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഓക്‌സിജന്‍ ദൗര്‍ലഭ്യം തന്നെയാണെന്നാണ് മിക്കവരും അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ടും ഗ്രേറ്റ തന്റെ അഭിപ്രായം അറിയിച്ചിരുന്നു. വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ ലോകത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസുകള്‍ വാങ്ങിയതിനാല്‍ ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നുവെന്നുമായിരുന്നു ഗ്രേറ്റ പറഞ്ഞിരുന്നത്. ഏതായാലും ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യുകയും ഇന്ത്യക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെ തന്നിലെ മാനവികതയെ ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുകയാണ് ഗ്രേറ്റ.