ബുധനാഴ്ച മുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിന്‍ നല്‍കുക.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്‌ക് ഫോഴ്സാണ് വാക്സിനേഷന്‍ നടത്തേണ്ട സ്‌കൂളുകള്‍ കണ്ടെത്തുന്നത്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്സിനേഷന്‍ നടത്തുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെയ്റ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവ സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.

സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുമായി ലിങ്ക് ചെയ്യും. എല്ലാ വാക്സിനേഷനും കോവിന്നില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഓഫ്ലൈന്‍ സെഷനുകളൊന്നും തന്നെ നടത്താന്‍ പാടില്ല.വാക്സിന്‍ നല്‍കുമ്പോള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. വാക്സിനേഷന്‍ മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിക്കാം.