ദുബായ്: ജോലി അന്വേഷണാര്‍ത്ഥം യു.എ.ഇ-യില്‍ എത്തി വഞ്ചിക്കപ്പെടുകയും തുടര്‍ന്ന് ആരോഗ്യകരമായ കാരണങ്ങളാല്‍ നാട്ടില്‍ പോകാനാകാതെ കുടുങ്ങിപ്പോകുകയും ചെയ്ത അടൂര്‍ സ്വദേശിയായ യുവതിക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ തുണയായി. നാട്ടില്‍ നിന്നും യുവതിയുടെ ബന്ധുക്കള്‍ അറിയിച്ച വിവരം അനുസരിച്ചാണ് ജോലി അന്വേഷിച്ച് യു.എ.ഇ-യില്‍ എത്തിയ യുവതിക്ക് ശാരീരിക പ്രശ്‌നങ്ങള്‍ കാരണം നാട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യം അറിയുന്നതും തുടര്‍ന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഇടപെടുന്നതും. ഫെഡേറഷന്‍ ജി.സി.സി ചെയര്‍മാന്‍ റാഫി പാങ്ങോട്, ഫെഡേറഷന്‍ ജി.സി.സി പ്രസിഡന്റ് ബഷീര്‍ അമ്പലായി എന്നിവരാണ് യുവതി അജ്മാനില്‍ അകപ്പെട്ട വിവരം യു.എ.ഇ-യിലെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഭാരവാഹികളെ വിവരം അറിയിക്കുന്നത്.
യു.എ.ഇ-യിലെത്തി ജോലി അന്വേഷിക്കുന്നതിനിടെയാണ് കടുത്ത ശ്വാസം മുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട് പരസഹായമില്ലാതെ യുവതി കുടുങ്ങിപ്പോയത്. തുടര്‍ന്ന് നാട്ടില്‍ നിന്നും വന്നവരോട് തിരികെ പോകണം എന്ന് ആവശ്യപ്പെട്ടെങ്കിലും സഹായിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ജോലി ആവശ്യത്തിനായി നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും നാട്ടിലുള്ള ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. മാറ്റാരുമായും ബന്ധപെടാനും സമ്മതിച്ചില്ല എന്ന് യുവതിയും വ്യക്തമാക്കി. തുടര്‍ന്നാണ് നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഗള്‍ഫ് മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടത്.
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ യു.എ.ഇ പ്രസിഡന്റ് അഡ്വ: മനു ഗംഗാധരന്‍, ജനറല്‍ സെക്രട്ടറി നിഹാസ് ഹാഷിം, വെല്‍ഫയര്‍ കണ്‍വീനര്‍ അബ്ദുല്‍ സലാം കലനാടും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി അബുദാബിയില്‍ ഉണ്ടെന്ന് മനസിലാക്കുകയും തുടര്‍ന്ന് അജ്മാനിലെ ഇവരുടെ ഏജന്റിനെ ബന്ധപെടുകയും ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്തി അവസ്ഥ നേരിട്ട് മനസിലാക്കുകയും തുടര്‍ന്ന് അബുദബിയില്‍ നിന്ന് അജ്മാനില്‍ എത്തിച്ച് ഇവരുടെ സുഹൃത്ത് ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ ഭക്ഷണവും മടക്കയാത്രക്കുള്ള ടിക്കറ്റും മറ്റ് സഹായങ്ങളും നല്‍കി യുവതിയെ നാട്ടിലേക്ക് കയറ്റി അയക്കുകയായിരുന്നുവെന്ന് യു.എ.ഇ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സേവനങ്ങള്‍ക്ക് യുവതിയും ബന്ധുക്കളും ഗള്‍ഫ് മലയാളി ഫെഡറേഷനോട് നന്ദി അറിയിക്കുകയും ചെയ്തു.