ദോഹ: ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍. നേരത്തെയുണ്ടായിരുന്നതില്‍ നിന്നും മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഖത്തര്‍ നിലവില്‍ 52-ാം സ്ഥാനത്തെത്തി. ആഗോള ഇന്‍വെസ്റ്റ്‌മെന്റ് മെഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ ഈ വര്‍ഷത്തെ സൂചികയിലാണ് ഖത്തര്‍ 52-ാം സ്ഥാനത്തെത്തിയത്.
പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യങ്ങളില്‍ പ്രവേശനം സാധ്യമാണെന്നും സാമ്പത്തികം ഉള്‍പ്പെടെ മറ്റ് ഘടകങ്ങളും വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. നിലവില്‍ ഖത്തര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 103 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാനാകും. സിംഗപ്പൂര്‍ ആണ് പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 189 രാജ്യങ്ങളില്‍ ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസാ രഹിത പ്രവേശനം സാധ്യമാണ്.
192 രാജ്യങ്ങളിലാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാനാകുക. ജര്‍മ്മനി, സ്‌പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 190 രാജ്യങ്ങളില്‍ വിസാ രഹിത പ്രവേശനം സാധ്യമാണ്. ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍, ലക്‌സംബര്‍ഗ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്.