ഗുരുവായൂരപ്പന് ഭീമൻ വാർപ്പിൽ 1000 ലിറ്റർ പാൽപ്പായസം

0

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച രണ്ടുടൺ ഭാരമുള്ള നാലുകാതൻ ഭീമൻ വാർപ്പിൽ ആയിരം ലിറ്റർ പാൽപ്പായസം തയ്യാറാക്കി ഭഗവാന് നിവേദിച്ചു. 800 ലിറ്റർ പാൽ, 100 കിലോയോളം അരി, 200 കിലോ പഞ്ചസാര എന്നിവ ചേർത്ത് രണ്ടുമണിക്കൂറിലേറെ സമയമെടുത്താണ് പന്തീരടി പൂജയ്ക്ക് നിവേദിക്കാനായി പായസം തയ്യാറാക്കിയത്. ക്ഷേത്രോത്സവത്തിന്റെ എട്ടാംവിളക്ക് ദിവസമായിരുന്നു ഇന്നലെ. നിവേദിച്ചശേഷം പായസം ഭക്തർക്ക് വിതരണം ചെയ്തു.

കീഴ്ശാന്തിമാരായ കിഴിയേടം വാസുദേവൻ നമ്പൂതിരി, ചെറുതയ്യൂർ അജിത് നമ്പൂതിരി, മേലേടം പത്മനാഭൻ നമ്പൂതിരി, കിഴിയേടം വാസുണ്ണി നമ്പൂതിരി, മൂത്തേടം ആനന്ദ് നമ്പൂതിരി, കൊടക്കാട് രാമൻ നമ്പൂതിരി, തിരുവാലൂർ വിഷ്ണു നമ്പൂതിരി എന്നിവർ ചേർന്നാണ് പായസം തയ്യാറാക്കിയത്.

ഞായറാഴ്ചയാണ് പാലക്കാട് സ്വദേശി കൊടൽവള്ളിമന കെ.കെ.പരമേശ്വരൻ നമ്പൂതിരി വാർപ്പ് സമർപ്പിച്ചത്. ക്ഷേത്ര മതിൽക്കെട്ടിനകത്ത് കൂത്തമ്പലത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വാർപ്പിന് പതിനേഴര അടി വ്യാസമുണ്ട്.

രണ്ടുടൺ തൂക്കവും പതിനേഴര അടി വ്യാസവും ഇരുപത്തിയൊന്നര അടി ചുറ്റളവിലും ഉള്ള ഭീമൻ വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിക്കാനായി നിർമ്മിച്ചത് മാന്നാറിന്റെ ശിൽപികളാണ്. ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ് തുടങ്ങി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ സ്വർണ്ണകൊടിമരങ്ങൾ നിർമ്മിച്ച മാന്നാർ പരുമല പന്തപ്ലാ തെക്കേതിൽ കാട്ടുമ്പുറത്ത് അനന്തൻ ആചാരിയും മകൻ അനുഅനന്തനും ആണ് ഈ ഭീമൻ നാലുകാതൻ വാർപ്പിന്റെ ശിൽപികൾ.

മൂന്നു മാസത്തോളം നാല്പതോളം തൊഴിലാളികളുടെ പരിശ്രമത്തിലാണ് ആയിരംലിറ്റർ പാൽപ്പായസം തയ്യാർചെയ്യാൻ കഴിയുന്ന കൂറ്റൻ വാർപ്പ് നിർമ്മിച്ചത്. വെങ്കല നിർമ്മാണത്തിൽ പേരുകേട്ട മാന്നാർ ആലക്കൽ രാജന്റെ സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയായത്.