ഗുരുവായൂരിൽ വഴിപാടായി നൽകിയ ഥാർ വാഹനം 43 ലക്ഷം രൂപയ്ക്ക് പുനർലേലം ചെയ്തു. വാഹനം സ്വന്തമാക്കിയത് ദുബായ് വ്യവസായിയായ അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ്.
ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലിയാണ് ആദ്യ ലേലത്തിൽ ഥാർ സ്വന്തമാക്കിയത്. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമൽ സ്വന്തമാക്കിയത്. ജിഎസ്ടി ഉൾപ്പടെ പതിനെട്ടു ലക്ഷത്തോളം രൂപ വരും.
വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നൽകാൻ തയ്യാറായിരുന്നു എന്ന് അമൽ മുഹമ്മദലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ, ലേലം ഉറപ്പിച്ചത് താൽക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായിരുന്നു ദേവസ്വം ചെയർമാന്റെ നിലപാട്.
എന്നാൽ ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാർ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.