ഈ വര്‍ഷത്തെ വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരിയായ മിന ഒരുങ്ങി. 10 ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും ഇന്നലെ രാത്രിയോടെ മിനായിലെത്തി.
ഹാജിമാരുടെ വരവോടെ മിനാ താഴ്‌വാരം ഭക്തി സാന്ദ്രമാകും. ദുല്‍ഹിജ്ജ എട്ടാം ദിനമായ ‘യൗമുത്തര്‍വിയ’ ദിനത്തിലാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക. ഇന്നാണ് യൗമുത്തർവിയ. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് പത്തു ലക്ഷത്തോളം വരുന്ന തീർഥാടകർ ഇന്ന് മിനായിൽ തംപടിക്കും. ഇന്നലെയാണ് തീർഥാടകർ മിനായിലേക്ക് നീങ്ങിത്തുടങ്ങിയത്. ഹജ്ജ് സർവീസ് ഏജൻസി ഒരുക്കിയ ബസുകളിലാണ് തീർഥാടകർ മക്കയിലെ താമസ സ്ഥലത്തു നിന്നും മിനായിലെത്തിയത്.
വെള്ളിയാഴ്ച്ച സുബഹി വരെ നിസ്‌കാരത്തിലും ഇബാദത്തിലുമായി ഒരു രാത്രി മുഴുവന്‍ വിശ്വാസികള്‍ മിനായില്‍ കഴിച്ചുകൂട്ടും. ഹജ്ജ് കര്‍മത്തിനായി വിശ്വാസികള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് മിനായിലാണ്. വെള്ളിയാഴ്ച സുബഹി നിസ്‌കാരത്തോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ ലക്ഷ്യമാക്കി ഹാജിമാര്‍ നീങ്ങിത്തുടങ്ങും. വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമം. ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ ഹാജിമാര്‍ക്ക് സൗകര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി സഊദി ഗവണ്‍മെന്റ് നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് മിനായിലെ ടെന്റുകള്‍. 2.5 ദശലക്ഷം ചതുരശ്ര മീറ്റരില്‍ വ്യാപിച്ചുകിടക്കുന്ന ടെന്റുകളില്‍ 100,000-ത്തിലധികം എയര്‍കണ്ടീഷനറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ടെന്റുകളുടെ നിര്‍മ്മാണം.
മക്കയിലെ ഹറം പള്ളിക്ക് കിഴക്കാണ് തമ്പുകളുടെ നഗരമായ മിന സ്ഥിതിചെയ്യുന്നത്. ഹജ്ജ് തീര്‍ഥാടന വേളയില്‍ മാത്രമാണ് മിനയില്‍ ജനവാസമുണ്ടാകുക. ഹജ്ജ് കഴിയുന്നതോടെ തമ്പുകളുടെ നഗരി ശാന്തമാകും.