ബന്ദികളെ വിട്ടയയ്ക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് അറിയിച്ച് ഹമാസ്; ഗസ്സയില്‍ വെടിനിര്‍ത്തല്‍ എത്രയും പെട്ടെന്ന് വേണമെന്ന് ആവശ്യപ്പെട്ടു

0

ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ബന്ദികളെ വിട്ടയ്ക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് അറിയിച്ച് ഹമാസ്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളോടാണ് ഹമാസ് ഇപ്പോള്‍ അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കരാറിന്റെ പ്രാരംഭ ഘട്ടം കഴിഞ്ഞ് 16 ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ ഹമാസ് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്.

ബന്ദികളെ വിട്ടയ്ക്കാനുള്ള കരാറില്‍ ഒപ്പിടുന്നതിനായി ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ്, ഇസ്രായേല്‍, ഖത്തര്‍ എന്നിവര്‍ നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ സജീവമായി നടക്കുകയാണ്.

ചര്‍ച്ചകള്‍ക്കായി സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ് ഉടന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇസ്രയേലില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ദോഹയും കെയ്‌റോയും സന്ദര്‍ശിക്കും. അതേസമയം ഇപ്പോഴും ഗസ്സയില്‍ ഇസ്രയേല്‍ കനത്ത ആക്രമണം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.