യൂണിഫോമില്‍ മീന്‍വിറ്റ പെണ്‍കുട്ടിക്ക് അരുണ്‍ ഗോപിയുടെ സിനിമയിലേക്ക് ക്ഷണം. ഒറ്റ ദിവസം കൊണ്ട് കേരളത്തില്‍ വൈറലായ ഹനാനെന്ന പെണ്‍കുട്ടിയെ കേരളം ഏറ്റെടുത്തു കഴിഞ്ഞു.
കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ ദുരിത ജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ സംവിധായകന്‍ അരുണ്‍ ഗോപി സിനിമയില്‍ വേഷമൊരുക്കി. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നല്ലൊരു വേഷമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിര്‍മ്മാണം.
മൂന്നാം വര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍ തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്. ഒരു മാസത്തോളം മീന്‍വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി. കോളജ് ഫീസും വീട്ടുവാടകയും തൃശ്ശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്പോള്‍ നല്ല തുകയാകും. ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും അറിയാം. ഹനാന്റെ കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു.