ഹനാനെ പ്രവേശിപ്പിച്ച ഐസിയുവില്‍ അതിക്രമിച്ച് കയറി യുവാവിന്റെ ഫേസ്ബുക്ക് ലൈവ്; സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം

0

അപകടത്തില്‍ പരുക്കേറ്റ ഹനാനെ പ്രവേശിപ്പിച്ച ഐസിയുവില്‍ കയറി ഫേസ്ബുക്ക് ലൈവ്. ലൈവ് ചെയ്ത കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നത്.  സംഭവം വിവാദമായതോടെ യുവാവിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി. അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഹനാന് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുകയാണ്.

ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പകര്‍ത്തിയത്. സംസാരിക്കാന്‍ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു മീഡിയ പേജിന് വേണ്ടിയാണ് ഇയാള്‍ ലൈവ് നല്‍കിയത്. അപകടത്തിലായ ഹനാന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കല്‍ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാള്‍ വിഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്.

തനിക്ക് ഒരു കാല്‍ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും ദൃശ്യങ്ങളില്‍ കാണാം. പ്രാഥമിക ചികില്‍സ നടക്കുന്നതിനിടയിലാണ് ഇയാള്‍ ഹനാനെ സമീപിച്ചത്. ഹനാന് നിസാരപരുക്കുകളേയുള്ളൂവെന്നാണ് ഇയാള്‍ ലൈവില്‍ പറയുന്നത്. ഈ വാര്‍ത്ത എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്അതേസമയം ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.  ഹനാന് ചികിത്സാ സഹായവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തുകയുണ്ടായി. ഓപ്പറേഷന് അടിയന്തരമായി ആവശ്യമുള്ള ഒരു ലക്ഷം രൂപ തന്റെ നിര്‍ദേശപ്രകാരം തൊടുപുഴ അല്‍അസര്‍ കോളജ് അടച്ചെന്നും അദ്ദേഹം വ്യക്തമാക്കി.