ഒരാഴ്ചക്കാലത്തെ കഥയാണ് ‘ അല്ല സംഭവമാണ്.
മലപ്പുറം ജില്ലയിൽ ദൃശ്യ എന്ന പെൺകുട്ടിയെ പ്രണയിക്കാത്തതിൻ്റെ പേരിൽ ഒരു യുവാവ് അതിരാവിലെ വീട്ടിൽ കയറി കുത്തിക്കൊന്നു. പ്രണയം കൊലപാതകമാകുന്ന വ്യത്യസ്തതമായ സംഭവം. ആ ചെറുപ്പക്കാരൻ താൽക്കാലികമായെങ്കിലും അഴികൾക്കുള്ളിലായി. ദിനങ്ങൾ അനവധി കഴിഞ്ഞില്ല. കൊല്ലം ജില്ലയിൽ മറ്റൊരു ചെറുപ്പക്കാരൻ തൻ്റെ ഭാര്യയെ സ്ത്രീധന പീഢനത്തിനിരയാക്കി മരണത്തിലേക്ക് തള്ളിവിട്ടു.
ഈ ചെറുപ്പക്കാരന് ഒരു പ്രത്യേകതയുണ്ട്’. വിദ്യാസമ്പന്നനാണ്, ഏതൊരു യുവാവും ആഗ്രഹിക്കുന്ന രീതിയിലുള്ള സർക്കാർ ജോലിയുമുണ്ട്. അത് കൊണ്ട് തന്നെ ലക്ഷങ്ങൾ, നൂറ് പവൻ സ്വർണ്ണാഭരണങ്ങൾ, ഭൂസ്വത്ത്, ടയോട്ടാ കാർ എന്നിവയെല്ലാം സ്ത്രീധനമായി വാങ്ങുകയും ചെയ്തിരുന്നു . എന്നിട്ടും അത്യാർത്തിയുള്ള ഈ യുവാവ് സ്ത്രീധന പീഢനം നടത്തി യുവതിയെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു’
വിവാഹം എന്ന സങ്കല്പവും യാഥാർത്ഥ്യവും തിരിച്ചറിയാൻ കഴിയാത്ത നമ്മുടെ കുടുംബങ്ങൾ തന്നെയല്ലേ ഈ ദുരവസ്ഥ ക്ക് പാതയൊരുക്കുന്നത്?. പ്രണയം ചുക്കോ, ചുണ്ണാമ്പോ എന്ന് തിരിച്ചറായാൻ കഴിയാത്ത വിവേക രാഹിത്യമാണ് മലപ്പുറം കൊലപാതകത്തിൻ്റെ കാരണമെങ്കിൽ, വിവാഹം ഒരു തരം കച്ചവടമാണെന്ന ധാരണയും തിരിച്ചറിവില്ലായ്മയുമാണ് കൊല്ലം സ്ത്രീധന പീഢന മരണത്തിന് വഴിയൊരുക്കിയത്. പ്രണയവും വിവാഹവും കേവലം കൊടുക്കൽ വാങ്ങലുകൾ അല്ലെന്ന തിരിച്ചറിവ് എന്നാണാവോ പ്രബുദ്ധ കേരളം കൈവരിക്കുന്നതെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.