ജറുസലേം: വിശ്വസുന്ദരി കിരീടം ചൂടി ലോകത്തിന്റെ നെറുകയിൽ ഒരിന്ത്യക്കാരി കൂടി. പഞ്ചാബ് സ്വദേശിനിയായ ഹർനാസ് സന്ധു എന്ന ഇരുപത്തിയൊന്നുകാരിയാണ് 2021-ലെ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ്ഹർനാസ് എന്ന ഇന്ത്യന്‍ പെണ്‍കൊടി വിജയകിരീടം അണിഞ്ഞത്. നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതകൂടി ഈ വിജയത്തിനുണ്ട്.
ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്. 2020 ലെ മിസ് യൂണിവേഴ്സ് ആയിരുന്ന മെക്സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്.പരാഗ്വേയുടെ നാദിയ ഫെറെയ്റ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്കയുടെ ലലേല സ്വാനെ സെക്കന്‍ഡ് റണ്ണറപ്പുമായി.
2000ൽ ലാറ ദത്തയും 1994ൽ സുസ്മിത സെന്നുമാണ് നേരത്തെ ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചത്. ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ”ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?” എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്.
ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ”അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു”
മിസ് യൂണിവേഴ്സ് ഇന്ത്യ 2021 കിരീടനേട്ടത്തെത്തുടര്ന്നാണ് മോഡലും നടിയുമായ സന്ധു വിശ്വസുന്ദരിപ്പട്ടത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. നിലവില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ്. ടൈംസ് ഫ്രഷ് ഫെയ്സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും സന്ധു അഭിനയിച്ചിട്ടുണ്ട്. ചണ്ഡിഗഢ് സ്വദേശിനിയാണ് സന്ധു. യോഗ, നൃത്തം, കുതിരസവാരി, ചെസ്സ് എന്നിവയിലെല്ലാം അതീവ തത്പരയാണ് സന്ധു.