അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി

0

കൊച്ചി∙ തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. ഇനിയുള്ള പരീക്ഷകള്‍ എഴുതാനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്.

ഇത് പ്രകാരം വിദ്യാര്‍ഥികള്‍ക്ക് മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതാന്‍ കഴിയുക. മാര്‍ച്ച് 4, 14,18 എന്നീ തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ഥികൾക്ക് എഴുതാന്‍ സാധിക്കുക. അതേസമയം വിദ്യാർഥികളുടെ ഫലം കേസിന്റെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വീട്ടിൽ പ്രവർത്തിക്കുന്ന അരൂജാസ് സ്കൂളിന് അംഗീകാരം നൽകുന്നതിനുള്ള യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നാണ് സിബിഎസ്ഇ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. 350 കുട്ടികൾ പഠിക്കുന്ന സ്കൂളിന് ഉള്ളത് ആകെ ഒരു ശുചിമുറി മാത്രമാണ്.

ഈ സ്കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷയ്ക്ക് ഇരുത്താൻ ശ്രമിച്ച മൂന്നു സ്കൂളുകൾക്ക് എതിരെ നടപടി സ്വീകരിക്കും എന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചിട്ടുണ്ട്.എന്നാല്‍ വിദ്യാര്‍ഥികളുടെ അവസ്ഥ മനസിലാക്കിയാണ് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.