എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്. ഏഴുപതിറ്റാണ്ടോളം ബ്രിട്ടൻറെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച രാജ്ഞിക്ക് ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത് . രാഷ്ട്രപതി ദ്രൗപദി മുർമു രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചു.
നൂറിലേറെ രാഷ്ട്രത്തലവൻമാർ ഉൾപ്പെടെ രണ്ടായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ. പത്തുലക്ഷത്തോളം പേരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തിയാണ് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചത്. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പത്‌നി ജിൽ ബൈഡനും രാജ്ഞിക്ക് അന്ത്യാജ്ഞലി അർപ്പിച്ചു. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ ചക്രവർത്തി നാറുഹിതോ, അടക്കം നൂറിലേറെ രാഷ്ട്രത്തലവന്മാർ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങളാണ് മണിക്കൂറുകളോളം കാത്തുനിന്നത്. ചടങ്ങുകളൾക്കിടെ ശബ്ദശല്യം ഒഴിവാക്കുന്നതിന് നൂറോളം വിമാനങ്ങൾ റദ്ദാക്കി.
സിനിമാതീയേറ്ററുകളിലും ,പ്രധാനതെരുവുകളിൽ പ്രത്യേകം ഒരുക്കിയ സ്‌ക്രീനിലം സംസ്‌കാരച്ചടങ്ങുകൾ തത്സമയം കാണാം. രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യം ഒരു മിനിട്ട് മൗനാചരണം നടത്തി. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മുപ്പതിനാണ് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ചടങ്ങുകൾ തുടങ്ങുക. നൂറുകണക്കിന് ബ്രിട്ടീഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങൾ അന്ത്യയാത്രയിൽ അകമ്പടി നൽകും. കഴിഞ്ഞ വർഷം മരിച്ച ഭർത്താവ് ഫിലിപ് രാജകുമാരന് അരികെയാണ് രാജ്ഞിയുടെ അന്ത്യവിശ്രമം.