മുംബൈ: പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും. സോഷ്യൽ മീഡിയയിലൂടെയാണ് കോലി തന്റെ വേദന പങ്കുവെച്ചത്. ഗർഭിണിയായ ഒരു ആനയുടെ ചിത്രം ട്വീറ്റ് ചെയ്ത കോലി മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാനും ട്വീറ്റിൽ ആവശ്യപ്പെടുന്നു.
‘ആനയോട് കാണിച്ച ക്രൂരതയുടെ വാർത്ത കേട്ട നടുക്കത്തിലാണ് ഞാൻ. നമുക്ക് നമ്മുടെ മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാം. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവർത്തികൾ അവസാനിപ്പിക്കാം.’ കോലി ട്വീറ്റിൽ പറയുന്നു.
ആനയോടു മനുഷ്യൻ കാട്ടിയ കൊടും ക്രൂരതയിൽ വിമർശിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്‌സും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് കോലിയും കേരളാ ബ്ലാസ്റ്റേഴ്സും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. ലോഗോയിലെ ആനയുടെ ചിത്രം അവ്യക്തമാക്കിയാണ് സംഭവത്തോട് കേരളാ ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചത്.
തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകർന്ന നിലയിൽ കണ്ടെത്തിയത്. അതിനും ഒരാഴ്ച മുമ്പ് പരുക്കേറ്റതായാണ് ഫോറസ്റ്റ് സർജൻ അറിയിച്ചത്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാൻ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നിൽക്കുന്ന നിലയിലാണ് കണ്ടെത്തയത്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആനയെ രക്ഷപെടുത്തുന്നതിന് രണ്ട ്കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. സൈലന്റ്‍വാലി മേഖലയിൽ നിന്നുള്ള ആനയാണ് ഇതെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിൽ ആന ഗർഭിണിയായിരുന്നു എന്ന് കണ്ടെത്തിയത് എല്ലാവരെയും സങ്കടത്തിലാഴ്ത്തി.