തിരുവനന്തപുരം: കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ മൂന്ന്-നാല് ദിവസങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചന നല്‍കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20ന് പത്ത് ജില്ലകളിലും ഒക്ടോബര്‍ 21ന് ആറ് ജില്ലകളിലും മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമഴ അവസാനിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത്. ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും തിങ്കളാഴ്ച വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തൃശൂര്‍, പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഒക്ടോബര്‍ 18 രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാവാനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലുടനീളം ഒക്ടോബര്‍ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.