സംസ്ഥാനത്ത് വ്യാപക മഴ: കോട്ടയത്ത് റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണു

1

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെട്ടു. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴതുടരുകയാണ്. മഴയേത്തുടര്‍ന്ന് കോട്ടയം ആര്‍പ്പൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായി. കോട്ടയത്തെ ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിൻ്റെ കോട്ടയം- തിരുവനന്തപുരം സഞ്ചാരദിശയിൽ മണ്ണ് ഇടിഞ്ഞു വീണത്. കൊവിഡ് മൂലം തീവണ്ടി സർവ്വീസുകൾ കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി.

അതേസമയം ആര്‍പ്പൂക്കരയില്‍ ജനവാസ കേന്ദ്രത്തിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. ഇവിടെയുള്ള നാല് വീടുകളിലേക്ക് ഏത് സമയവും മണ്ണിടിഞ്ഞുവീഴാമെന്ന ഭീതിയുണ്ട്. കോട്ടയം ജില്ലയിലുള്‍പ്പടെ സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറേ മണിക്കൂറുകളായി ശക്തമായ മഴയാണ് പെയ്യുന്നത്. മഴ ഇനിയും തുടര്‍ന്നാല്‍ കുമരകം പോലുള്ള മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. മഴ കെടുത്തി രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് 30 സെന്റീമീറ്റര്‍ കൂടി തുറക്കുമെന്നാണ് അറിയിപ്പ്. മഴയേത്തുടര്‍ന്ന് മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് മുതൽ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായി മഴ പെയ്തു കൊണ്ടിരിക്കയാണ്. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 11.5 മുതല്‍ 20.4 വരെ സെന്റീമീറ്റര്‍ മഴ പ്രതീക്ഷിക്കാം. ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.