സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരും. ഇടിമിന്നലും ശക്തമായ കാറ്റും മഴയ്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടയിൽ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ നിക്കോബാർ ദ്വീപിന്‍റെ കൂടുതൽ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ അടുത്ത ഞായറാഴ്ചയോടെ ഇരട്ട ന്യൂനമർദത്തിന് സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ആഴക്കടലിൽ ഉള്ളവർ ഇന്ന് രാത്രിയോടെ മടങ്ങിയെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി മറ്റൊരു ന്യൂനമർദം മെയ് 29 നോട് കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.