ധോണിക്ക് ‘ഹെലികോപ്റ്റര്‍ ഷോട്ട് ‘ പഠിപ്പിച്ചു കൊടുത്ത കൂട്ടുകാരന്റെ ദുരന്തം

0

ധോണിയെ ഏറ്റവും പ്രശസ്തനാക്കുന്നത് അദ്ദേഹത്തിന്റെ കളിക്കൊപ്പം തന്നെ മറ്റൊരു സവിശേഷത കൂടിയാണ്.ധോണിയുടെ സ്വന്തം ഹെലികോപ്റ്റര്‍ ഷോട്ട്, തീപാറുന്ന പേസ് ബോളിനെപോലും ബാറ്റ് വട്ടത്തില്‍ കറക്കി അടിച്ച് അതിര്‍ത്തി കടത്തി വിടുന്ന ആ ‘ഹെലികോപ്റ്റര്‍ഷോട്ടാണ് ‘ധോണിയുടെ ബാറ്റിംഗിലെ മുഖ്യാകര്‍ഷണം. എന്നാല്‍ എത്ര പേര്‍ക്കറിയാം ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ഉപജ്ഞാതാവ് അദ്ദേഹത്തിന്റെ ഉറ്റമിത്രം സന്തോഷ്  ലാല്‍ ആണെന്ന്.

സന്തോഷില്‍ നിന്നാണ് ധോണി  ‘തപ്പഡ് ഷോട്ട് ‘ എന്ന് സന്തോഷ് പേര് നല്‍കിയിരുന്ന ഹെലികോപ്റ്റര്‍ ഷോട്ട് പഠിച്ചത്. ഇത് പഠിപ്പിച്ചു തരാന്‍ ആയി ധോണി സന്തോഷിനു നല്‍കിയിരുന്ന ദക്ഷിണ എന്താണെന്ന് അറിയാമോ? നല്ല ചൂടുള്ള സമൂസ. . ഝാര്‍ഖണ്ഡ്ന്റെ രഞ്ജി ടീമുവരെ ധോണിയും സന്തോഷും ഒരുമിച്ചായിരുന്നു കളിച്ചത്. അവിടെ നിന്നും ഇന്ത്യന്‍ ടീമിലേക്കും നായകത്വത്തിലേക്കും ലോകകപ്പ് നേട്ടത്തിലേക്കും പിന്നേയും ഉയരങ്ങളിലേക്ക് ധോണി വളര്‍ന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ധോണി ഒരിക്കലും മറന്നിരുന്നില്ല. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സന്തോഷ്‌ മരണമടഞ്ഞു. ലോകം ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ വാഴ്ത്തുമ്പോള്‍ അത് പഠിപ്പിച്ച കൂട്ടുകാരന്റെ ജീവിതം ഒരു ദുരന്തമായി. സന്തോഷ് മരണത്തിന് കീഴടങ്ങുന്നതുവരെ തന്റെ സുഹൃത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവുന്നതെല്ലാം ധോണി ചെയ്തിരുന്നു.

ധോണിയുടേയും സന്തോഷിന്റേയും പാര്‍ട്ട്ണര്‍ ഷിപ്പിന്റെ കരുത്തില്‍ ഝാര്‍ഖണ്ഡ് നിരവധി ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ വിജയിച്ചിരുന്നു. പണ്ടു മുതലേ സന്തോഷിന്റെ തപ്പഡ് ഷോട്ടിന്റെ ആരാധകനായിരുന്നു ധോണി. സന്തോഷിന്റെ വെടിക്കെട്ട് ബാറ്റിംഗും ധോണിയെ ഒരുപാട് ആകര്‍ഷിപ്പിച്ചിരുന്നു. ഇന്ത്യന്‍ യുവത്വത്തിന്റെ ആവേശമായി മാറിയ ധോണിയുടെ നീളന്‍ മുടി വരെ സന്തോഷിനില്‍ നിന്നാണ് ധോണി അനുകരിച്ചിരുന്നത്.

കളിക്കളത്തിലേതു പോലെ ഇന്ത്യന്‍ റെയില്‍വെയിലെ ജോലിയിലും ഇരുവരും ഒരുമിച്ചായിരുന്നു. ധോണിയുടെ ജീവിതകഥ പറയുന്ന  എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ ഹെലികോപ്റ്റര്‍ ഷോട്ടിനു പിന്നിലെ കഥ പറയുന്നുണ്ട്.