ഗൂഗിളിന്റെ ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റ് ആയിരുന്ന ‘ഓര്‍ക്കൂട്ടിനെ ’ ഓര്‍മയില്ലേ ?ഉപയോക്താക്കളെല്ലാം ഫെയ്‌സ്ബുക്കിലേക്കും ട്വിറ്ററിലേക്കും ചേക്കേറിയ പശ്ചാത്തലത്തില്‍ 2014ലാണ് ഓര്‍ക്കൂട്ട് പ്രവര്‍ത്തനം നിര്‍ത്തിയത്. അന്ന് 30 കോടി പേരായിരുന്നു ഓര്‍ക്കൂട്ട് യൂസര്‍മാര്‍. അതെല്ലാം പഴയ കഥ .ഇപ്പോള്‍ ഇതാ ഓര്‍ക്കൂട്ട് സ്ഥാപകനായിരുന്ന ഓര്‍ക്കൂട്ട് ബുയുക്കോക്ടെന്‍ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് പ്ലാറ്റ്‌ഫോമുമായി തിരികെ വന്നിരിക്കുന്നതാണ് പുതിയ വാര്‍ത്ത .
‘ഹലോ’ എന്നാണ് പുതിയ സോഷ്യല്‍ മീഡിയയ്ക്ക് നല്‍കിയിരിക്കുന്ന പേര്. നെറ്റ്‌വര്‍ക്കുകളിലൂടേയും പൊതു സുഹൃത്തുക്കളിലുടേയും സുഹൃത്തുക്കളെ ബന്ധിപ്പിക്കുന്ന സോഷ്യല്‍ മീഡിയകളില്‍ നിന്നും വ്യത്യസ്തമായി പാഷന്റേയും താല്‍പ്പര്യങ്ങളുടേയും അടിസ്ഥാനത്തില്‍ ആളുകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതാണ് ഹലോ.
പ്രാഥമികമായി ഒരു ഫോട്ടോഷെയറിങ് ആപ്പ് ആണ് ഹലോ. ടെക്‌സ്റ്റ് മാത്രമായി പോസ്റ്റിങ് സാധ്യമല്ല. ഇന്‍സ്റ്റാഗ്രാമിലേത് പോലെ ബാക്ക്ഗ്രൗണ്ടും ടെക്‌സ്റ്റും എഡിറ്റ് ചെയ്യാം. ഇമേജുകളില്‍ ഫില്‍റ്ററിങ്ങും നടത്താം. ഉപയോക്താക്കളില്‍ നിന്നും ഫോണിലെ കോണ്ടാക്ട് മാത്രമേ ഹലോ ആപ്പ് ശേഖരിക്കൂ.ആന്‍ഡ്രോയിഡ്, ഐഒഎസ് ഒഎസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലൂടെ മാത്രമേ ‘ഹലോ’ ലഭിക്കുകയുള്ളൂ .മറ്റൊരു സവിശേഷത എന്താണെന്നോ ?
ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഫോട്ടോഗ്രാഫി, മൃഗസ്‌നേഹി, അഭിനേതാവ്, ഡാന്‍സര്‍, ഫുഡ്ഡീ, ഗീക്(അസാധാരണവും അനന്യവുമായ വ്യക്തിത്വമുള്ളയാള്‍), പാരന്റ് തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി അഞ്ച് വ്യക്തികളെ തെരഞ്ഞെടുക്കണം. ഒരേ സമയം അഞ്ച് പേര്‍ക്കൊപ്പം മാത്രമേ ഹലോയില്‍ സൗഹൃദം പങ്കുവെക്കാനാകൂ. ഒരാളെ മാറ്റി മറ്റൊരാളെ ഉള്‍പ്പെടുത്താനും സൗകര്യമുണ്ട്. അഞ്ച് പേരില്‍ ഒരാള്‍ക്കായി അസൈന്‍ ചെയ്തുമാത്രമേ പോസ്റ്റുകള്‍ ഇടാനൊക്കൂ. ഫെയ്‌സ്ബുക്കിലെ ന്യൂസ് ഫീഡിന് സമാനമായി ലൈക്കുകളുടേയും ഇടപെടലിന്റേയും അടിസ്ഥാനത്തില്‍ ന്യൂസ് ഫീഡിനെ പേഴ്‌സണലൈസ് ചെയ്യാനും ഹലോയില്‍ സാധിക്കും. ഈ ഫീച്ചര്‍ നിരവധി പേരെ ഹലോയിലേക്ക് അടുപ്പിക്കുമെന്നാണ്കരുതപെടുന്നത് .
അമേരിക്ക, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, കാനഡ, ന്യൂസിലാന്‍ഡ്, ബ്രസീല്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യ,മെക്‌സിക്കോ,ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ ആപ്പ് അടുത്തമാസമെത്തും. ‘ഹലോ’ ആപ്പ് മുന്‍നിര സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും ട്വിറ്ററിനും വില്ലന്‍ ആകുമോ എന്ന് ഇനി കണ്ടറിയാം .