ഡൽഹി : ജമ്മുകശ്മീൽ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്ന് സഹായം കിട്ടുന്നുവെന്ന് കരസേന മേധാവി. പൂഞ്ച് മേഖലയിലടക്കം ഭീകര ക്യാമ്പുകൾ സജീവമാക്കാൻ നീക്കം നടക്കുന്നുവെന്നും ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ചൈനീസ് അതിർത്തിയിലെ പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടരുകയാണെന്നും മ്യാൻ അതിർത്തിയിൽ സ്ഥിതി ആശങ്ക ജനകമാണെന്നും കരസേന മേധാവി വ്യക്തമാക്കി.
അതിർത്തിക്കടന്നുള്ള ഭീകരപ്രവർത്തനം തടയാൻ ശക്തമായ നടപടികൾ കരസേന സ്വീകരിച്ചെന്നാണ് കരസേന ദിനത്തോട് അനുബന്ധിച്ചുള്ള വാർത്തസമ്മേളനത്തിൽ കരസേന മേധാവി ജനറൽ മനോജ് പാണ്ഡ്യ വ്യക്തമാക്കിയത്. ജമ്മു കശ്മീരിൽ നിയന്ത്രണരേഖ കടന്നുള്ള ഭീകരരുടെ പല പദ്ധതികളും തകർക്കാൻ സൈന്യത്തിനായി എന്നാൽ രജൗരി, പൂഞ്ചടക്കം മേഖലകളിൽ ഭീകരരുടെ നീക്കം സജീവമാണ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡ്രോൺ ഉപയോഗിച്ചുള്ള ആയുധക്കടത്ത് ഈ മേഖലയിൽ വെല്ലുവിളിയാണെന്നും കരസേന മേധാവി അറിയിച്ചു.
ലഡാക് അടക്കം വടക്കൻ അതിർത്തി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുകയാണ്, ഇവിടെ നിലവിൽ സ്ഥിതി ശാന്തമാണെങ്കിലും സാഹചര്യം, സങ്കീർണ്ണമാണ്. മണിപ്പൂരിലെ അടക്കം ഇന്ത്യ മ്യാൻമാർ അതിർത്തിയിലും സ്ഥിതി ആശങ്കജനകമാണ്. വിഘടനവാദികൾ അതിർത്തി കടന്നെത്താൻ ശ്രമിക്കുന്നുണ്ട്. വഴി വിഘടനസംഘടനകൾ മണിപ്പീരിലടക്കം കടക്കാൻ ശ്രമം നടത്തുന്നുവെന്നും കരസേന മേധാവി വ്യക്തമാക്കി. 2024ൽ സേനയുടെ ആധുനികവൽക്കരണത്തിനുള്ള നടപടികൾക്കാണ് ഊന്നൽ. ഇതുവഴി അടുത്ത അഞ്ച് വർഷത്തിൽ സേനയിലെ അംഗങ്ങളുടെ എണ്ണം കുറയുമെന്നും കരസേന മേധാവി സൂചിപ്പിച്ചു. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരിപാടികൾ ഇക്കുറി ലഖ്നൗവിലാണ് നടക്കുക.