ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. റിപ്പോർട്ടിന് സ്റ്റേ ഇല്ല. റിപ്പോർട്ട് ഉടൻ മാധ്യമപ്രവർത്തകർക്ക് കൈമാറും. രഞ്ജിനിക്ക് ഹർജി നൽകാൻ അവകാശമില്ലെന്ന് വിവരാവകാശ കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചില്ല. ഇതോടെ റിപ്പോർട്ട് പുറത്തേക്ക് വരുന്നതിലെ നിയമ തടസങ്ങൾ മാറി.
നേരത്തെ ഡിവിഷൻ ബെഞ്ച് രഞ്ജിനിയുടെ ഹർജി തള്ളിയിരുന്നു. സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്നാണ് സിംഗിൾ ബെഞ്ചിനെ രഞ്ജിനി സമീപിച്ചത്. ഇതാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്ന അഞ്ച് മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ട് കൈമാറും. 233 പേജുകളാണ് പരസ്യപ്പെടുത്തുക.
2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണിത്.