പ്രസവാവധി ചോദിച്ചതിന് ജോലി നഷ്ടപ്പെട്ട യുവതിക്ക് ആശ്വാസമായി കോടതി വിധി

0

ബെംഗളൂരു: പ്രസവാവധി ചോദിച്ചതിന് മുനിസിപ്പല്‍ ഭരണവിഭാഗത്തില്‍ ജോലി നഷ്ടപ്പെട്ട കരാര്‍ ജീവനക്കാരിക്ക് ആശ്വാസമായി കർണാടകം ഹൈകോടതി വിധി. യുവതിയെ ജോലിയില്‍ തിരിച്ചെടുക്കാനും നിയമനം റദ്ദാക്കിയതുമുതലുള്ള വേതനത്തിന്റെ 50 ശതമാനം നല്‍കാനും സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ബെംഗളൂരു ആര്‍.പി.സി. ലേഔട്ട് സ്വദേശി ബി.എസ്. രാജേശ്വരിക്കാണ് ഹൈക്കോടതിയുടെ ഇടപെടലിലൂടെ ജോലി തിരികെ ലഭിക്കുന്നത്. പ്രസവാവധിക്ക് അപേക്ഷിച്ചതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനാല്‍ യുവതിയുടെ സന്തോഷവും പ്രതീക്ഷയും നിരാശയിലേക്കും ക്ലേശത്തിലേക്കും മാറുകയായിരുന്നെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന നിരീക്ഷിച്ചു. യുവതിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട ഡയറക്ടറേറ്റ് ഓഫ് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്റെ (ഡി.എം.എ.) നടപടി വേദനാജന കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമനം റദ്ദാക്കിയ ദിവസം മുതലുള്ള ശമ്പളത്തിന്റെ 50 ശതമാനവും 25,000 രൂപയും യുവതിക്കു നല്‍കണമെന്നും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനില്‍ നിന്ന് പണം ഈടാക്കണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍, ജോലിയില്‍നിന്ന് ഏതുസമയവും പിരിച്ചുവിടാന്‍ യുവതിയുടെ നിയമനക്കരാറില്‍ പറയുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

2017-ലെ മറ്റേണിറ്റി ബെനഫിറ്റ് ഭേദഗതി നിയമപ്രകാരം അമ്മയാകാന്‍ പോകുന്നയാളെ സര്‍ക്കാര്‍ സേവക, താത്കാലിക, കരാര്‍, ദിവസവേതന ജീവനക്കാരി എന്നിങ്ങനെ വേര്‍തിരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ ആറുമാസം പ്രസവാവധിക്ക് യുവതി അര്‍ഹയാണെന്നും കോടതി വ്യക്തമാക്കി. 2009 നവംബര്‍ 27-നാണ് രാജേശ്വരിയെ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഡി.എം.എ. നിയമിച്ചത്. ഓരോ വര്‍ഷവും കരാര്‍ പുതുക്കുകയായിരുന്നു. 2019 ജൂണ്‍ 11-ന് രാജേശ്വരി പ്രസവാവധിക്ക് അപേക്ഷ നല്‍കിയെങ്കിലും അവധി അനുവദിക്കാതെ ജോലിക്ക് ഹാജരാകണമെന്ന് ഡി.എം.എ. നോട്ടീസ് നല്‍കി. എന്നാല്‍, പ്രസവസംബന്ധമായ കാരണങ്ങളാല്‍ ജോലിക്ക് കയറാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് 2019 ഓഗസ്റ്റ് 29-ന് രാജേശ്വരിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ഡി.എം.എ. ഉത്തരവിറക്കുകയായിരുന്നു.