ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. നിലവില്‍ വസന്ത്കുഞ്ചിലെ യെച്ചൂരിയുടെ വസതിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 11 മണിയോടെ എകെജി ഭവനില്‍ എത്തിക്കും. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അര്‍പ്പിച്ചേക്കും. വൈകീട്ട് മൂന്ന് മണി വരെയാണ് എകെജി ഭവനില്‍ പൊതുദര്‍ശനം.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കേരള നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. മൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിക്കും. ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം. 72 വയസായിരുന്നു. 2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. 1952 ഓഗസ്റ്റ് 12ന് മദ്രാസിലായിരുന്നു ജനനം.