ദുരഭിമാനത്തിന്റെ ഇരകള്‍

0

ദളിതനെ പ്രണയിച്ചതിന് അച്ഛന്റെ കൈകളാൽ കൊല്ലപ്പെട്ട ആതിരയും, ഉദുമല്‍പേട്ടയില്‍ ഭാര്യയുടെ ബന്ധുക്കളുടെ കൊലകത്തിക്ക് ഇരയായ ശങ്കറും,  ഭാര്യ വീട്ടുകാരുടെ ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിനും എല്ലാം ഒരേ മുഖമാണ്, ദുരഭിമാനത്തിന്റെ ഇരകളാണ് ഇവരെല്ലാം. പ്രണയിച്ചു പോയ തെറ്റിനാണ്‌ ഇവരെല്ലാം ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി യാത്രയായത്..

പണ്ട് ഉത്തരേന്ത്യയില്‍ മാത്രം കേട്ടിരുന്ന ദുരഭിമാനകൊല ഇന്ന് നമ്മുടെ കൊച്ചു കേരളത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. ജാതി, മതം, സമ്പത്തു എന്നിങ്ങനെ ഒരായിരം ഒത്തുചേര്‍ക്കലുകള്‍ നോക്കാതെ മക്കള്‍ സ്വന്തം വഴി തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന ക്ഷോഭത്തില്‍ നിന്നാണ് ഈ ഓരോ കൊലയും നടക്കുന്നത്.  രണ്ട് മാസത്തിനിടെ കേരളത്തില്‍  നടന്നത് രണ്ട് ദുരഭിമാന കൊലപാതകങ്ങൾ. കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ അയല്പക്കസംസ്ഥാനങ്ങളില്‍ നടന്നതും ഏതാണ്ട് ഇതിനു സമാനമായ കൊലകള്‍.

ഉദുമല്‍പെട്ടയില്‍ കൊല്ലപെട്ട ശങ്കര്‍ എന്ന ദളിത്‌ യുവാവിന്റെ രക്തത്തിന്റെ കറ ഇപ്പോഴും മായാതെ കിടപ്പുണ്ട്. കൌസല്യ എന്ന ഉയര്‍ന്നജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തതിനു അവളുടെ ബന്ധുക്കള്‍ നടുറോഡില്‍ വെട്ടിനുറുക്കി കൊന്ന ശങ്കറും , ധാരാപുരത്തു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞ കതിരെശനും എല്ലാം ഇതിന്റെ ഇരകള്‍. പേരറിയാത്ത എത്രയെത്ര ജീവിതങ്ങള്‍ ഇങ്ങനെ അവസാനിച്ചു പോയിട്ടുണ്ടാകും. 

കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ കെവിന്‍ ജോസഫിനെയാണ് വധുവിന്റെ സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ മരിച്ച നിലയില്‍ ഇന്ന് വെളുപ്പിനു ണ്ടെത്തിയത് . തന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്ന് ഭാര്യ നീനുവും കെവിന്റെ പിതാവും പരാതി നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഇരുവരുടെയും പരാതി സ്വീകരിക്കാതെ സംഭവത്തിന്റെ ഗൌരവം മനസിലാക്കാതെ പെരുമാറിയ പോലീസ് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെയാണ് പരാതി സ്വീകരിച്ചത്. പക്ഷെ അപ്പോഴേക്കും കെവിന്റെ ജീവന്‍ പോയിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ബ്രിജേഷ എന്ന യുവാവിനെ സ്‌നേഹിച്ചതിന് ആതിരഎന്ന പെണ്‍കുട്ടിയെ പിതാവ് കുത്തികൊലപെടുത്തിയിട്ടു രണ്ടു മാസം പോലും ആയിട്ടില്ല. അപ്പോഴേക്കും കേരളത്തിന്റെ മേല്‍ മറ്റൊരു ദുരഭിമാനകൊലയുടെ കറ വീണു കഴിഞ്ഞു.