പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞു വീണു; പരിക്കേറ്റ 13-കാരന്‍ മരിച്ചു

0

പെരുമ്പാവൂർ: കീഴില്ലത്ത് രണ്ടുനില വീട് ഇടിഞ്ഞു താഴ്ന്ന് പരിക്കറ്റ 13-ക്കാരന്‍ മരിച്ചു. ഇന്നു രാവിലെയായിരുന്നു സംഭവം. കീഴില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ രണ്ടുനില വീടാണ് ഇടിഞ്ഞു താണത്. 13 വയസ്സുള്ള ഹരിനാരായണനാണ് മരിച്ചത്.

വലിയ ശബ്ദത്തോടെയാണ് വീട് ഇടിഞ്ഞു വീണത്. അപകടം നടക്കുമ്പോള്‍ 7 പേര്‍ വീട്ടിലുണ്ടായിരുന്നു. ഇതിൽ 5 പേർ സാഹസികമായി പരിക്കുകളില്ലാതെ രക്ഷപെടുകയായിരുന്നു. 2 പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ 85 വയസ്സുള്ള വൃദ്ധനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താഴത്തെ നിലയിലായിരുന്നു മരിച്ച കുട്ടിയും മുത്തച്ഛനും ഉണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് വീട്ടുകാരെ രക്ഷിച്ചത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൂന്ന് ജെസിബികള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ഭീകര ശബ്ദത്തോടെ വീട് താഴുന്നതിന് തൊട്ടുമുന്‍പായി അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ താഴെത്തെ നിലയിലുണ്ടായിരുന്ന രണ്ടുപേര്‍ വീട്ടില്‍ കുടുങ്ങുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ച് രണ്ടുപേരെയും വലിച്ച് പുറത്തെടുത്തത്.