കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

1

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ ആരംഭിക്കും. സം​സ്ഥാ​ന​ത്തെ 2.61 കോ​ടി വോ​ട്ട​ര്‍മാ​ര്‍ക്ക് വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​ൻ 24,970 ബൂ​ത്തു​ക​ള്‍ സ​ജ്ജം. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.രാജ്യത്തെ 117 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളും മൂന്നാംഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതും.

കാ​സ​ർ​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം, ടി.​പി, ശബരിമല തുടങ്ങി മാറി മാറി വന്ന വിവാദ ചർച്ചകൾക്കൊടുവിലാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കയറുന്നത്. കേരളത്തില്‍ ആകെ 2.61 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. ഏറ്റവും കുറവ് വയനാട്ടിലും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്, 20 പേര്‍. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലും(ആറ്).