കഥ ആത്മാവിലൂടെ വരുമ്പോൾ കവിതയാകുന്നു എന്ന് എഴുതിയത് എം.ടി. യാണ്. മലയാളത്തിലെ പുതിയ സിനിമ വിനീത് ശ്രീനിവാസൻ്റെ “ഹൃദയം: കണ്ടപ്പോൾ എം ടി.യുടെ വാക്കുകൾ മറ്റൊരു രീതിയിൽ പറയേണ്ടി വരുന്നു. സിനിമ ഹൃദയത്തിലൂടെ വരുമ്പോൾ സംഗീതമായി തീരുന്നുവെന്ന്. ഹൃദയം എന്ന വിനീതിൻ്റെ ചിത്രത്തിലൂടെ മലയാള സിനിമ ഒരു പുതിയ പന്ഥാവ് സൃഷ്ടിക്കുകയാണ്.
താര രാജക്കാന്മാരുടെ അമിത ഭാരം കാരണം ഈ ചലച്ചിത്രം അസഹനീയമായിത്തീരുന്നില്ല. സിനിമയിലെ കുലപതികളുടെ പിൻമുറക്കാർ പിതൃമഹത്വത്തിൻ്റെ ശോഭയിലല്ലാതെ തന്നെ സ്വന്തം പ്രതിഭയിലുടെ സർഗ്ഗശേഷിയിലൂടെ മലയാള സിനിമയിൽ തങ്ങളുടേതായ ഒരിടം അടയാളപ്പെടുത്തി കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ‘ഇതിനെ പുതുമയുടെ വിജയം എന്ന് തന്നെ പറയാം.
ഒരു പ്രൊഫഷനൽ കോളേജിൻ്റെ ക്യാംപസ് പശ്ചാത്തലമാക്കി നെയ്തെടുത്ത ഈ ചലച്ചിത്ര കാവ്യം കഥയുടെ മികവ് കൊണ്ടല്ല, യുവത്വത്തിൻ്റെ ഊർജ്ജവും മനസ്സും ആവാഹിച്ചെടുത്താണ് വിജയഭേരി മുഴക്കുന്നത്. ചലച്ചിത്രത്തിൽ ഗാനങ്ങൾക്കുള്ള പ്രസക്തി ഒട്ടും നഷ്ടപ്പെട്ടിട്ടില്ല എന്നു കൂടി തെളിയിക്കാനും ഹൃദയം വിജയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ നിലയ്ക്കാത്ത ഒരു പ്രവാഹം പോലെ സംഗീത സാന്ദ്രമാക്കി പ്രേക്ഷകരെ പിടിച്ചിരുത്താൻ ഹൃദയത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു ഗാനം തെരഞ്ഞെടുത്ത് മികച്ചത് എന്ന് പറയാൻ കഴിയില്ലെങ്കിലും സിനിമയുടെ ആത്മാവായി ഗാനങ്ങൾ മാറിത്തീർന്നിട്ടുണ്ട്.
വിനീത്, പ്രണവ്, ദർശന, കല്യാണി എല്ലാവരും മലയാള സിനിമയുടെ പ്രതീക്ഷകൾ തന്നെയാണെന്ന് നിസ്സംശയം പറയാൻ കഴിയുമെന്നത് തന്നെയാണ് “ഹൃദയം ” മലയാള ചലച്ചിത്ര ലോകത്തിന് നൽകുന്ന ഉറപ്പ്. ഇഴയടുപ്പുള്ള ഒരു മികച്ച ചലച്ചിത്ര കാവ്യം എന്ന രീതിയിൽ ഈ ചലച്ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയും. മലയാള സിനിമാസ്വാദകരുടെ ഹൃദയങ്ങളെ കീഴടിക്കിയിരിക്കുന്നു ”ഹൃദയം “