ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ടീസര്‍ പങ്കുവച്ച് ബോളിവുഡ് ഹീറോ ഹൃത്വിക് റോഷന്‍. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഹൃത്വിക് റോഷന്‍ ടീസര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ട്വിറ്ററിലൂടെയാണ് ഹൃതിക് റോഷന്‍ സിനിമയ്ക്ക് ആശംസകള്‍ അറിയിച്ചത്. പിന്നിണി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ഹൃതിക് റോഷന്‍ ട്വീറ്റ്.
ഇതോടെ ഹൃത്വിക് റോഷന് നന്ദി അറിയിച്ച് ടൊവിനോ രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമായാണ് താരമെത്തിയത്. ഒപ്പം ചിത്രത്തിന്റെ മലയാളത്തിലും ഹിന്ദിയിലുമുള്ള ടീസറുകളും പങ്കുവച്ചു.
മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറും അഞ്ച് ഭാഷകളിലായാണ് പുറത്തെത്തിയത്. ഓരോ ഇന്‍ഡസ്ട്രിയിലെയും പ്രമുഖ താരങ്ങളാണ് ടീസര്‍ ലോഞ്ച് ചെയ്തത്. ‘മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം’ എന്ന വിശേഷണവുമായി എത്തുന്ന ചിത്രത്തിന്റെ ടീസറും ഏറെ കൗതുകമുണര്‍ത്തുന്നതാണ്.
കഥ നടക്കുന്ന ഗ്രാമത്തിലെ നാട്ടുകാരുടെ പ്രതികരണങ്ങളിലൂടെ സസ്‌പെന്‍സ് നിറച്ചാണ് ടീസറില്‍ ടൊവീനോയുടെ നായക കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളില്‍ ആ മികവ് വ്യക്തമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
സംഗീതം ഷാന്‍ റഹ്മാന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിലെ രണ്ട് സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗ് ആണ്. കലാസംവിധാനം മനു ജഗത്.അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഎഫ്എക്‌സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ഗോദയ്ക്ക് ശേഷം ടൊവീനോയും ബേസില്‍ ജോസഫും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.