കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് ആഴ്‍ചയില്‍ 5528 സീറ്റുകള്‍ അനുവദിച്ചു. ക്യാബിനറ്റ് തീരുമാനം അനുസരിച്ച് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ഇന്ത്യയില്‍ നിന്ന് 5528 സീറ്റുകളാണ് ആഴ്‍ചയില്‍ അനുവദിച്ചിരിക്കുന്നത്. ഇത് കുവൈത്തിലെ ദേശീയ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‍സ്, ജസീറ എയര്‍വേയ്‍സ് എന്നിവയ്‍ക്കും ഇന്ത്യയിലെ മറ്റ് വിമാനക്കമ്പനികള്‍ക്കുമായി വീതിച്ചുനല്‍കും. അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഓരോ ദിവസത്തെയും ക്വാട്ടയുടെ പകുതി യാത്രക്കാര്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വഴിയും പകുതിപ്പേര്‍ കുവൈത്തി കമ്പനികള്‍ വഴിയും ആയിരിക്കും യാത്ര ചെയ്യുക.