രാജ്യം വൈദ്യുതി ഉല്പാദനത്തിൽ അഭിമുഖീകരിക്കാൻ പോകുന്നത് പ്രതിസന്ധിയുടെ നാളുകളായിരിക്കുമെന്നാണ് ലഭിച്ചു കൊണ്ടിരിക്കുന്ന സൂചന. ഇന്ത്യയിലെ വൈദ്യുതി ഉല്പാദനത്തിൻ്റെ എഴുപത് ശതമാനവും താപ വൈദ്യുത നിലയങ്ങൾ വഴിയാണ് നടക്കുന്നത്. പ്രധാനമായും താപവൈദ്യുത നിലയങ്ങൾ ആശ്രയിക്കുന്നത് കൽക്കരിയെയാണ്. എന്നാൽ കൽക്കരിയുടെ കാര്യത്തിൽ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഒഡീഷ, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്.
കൽക്കരിയുടെ ദൗർലഭ്യത കാരണം ഉത്തർപ്രദേശിൽ ഇതിനകം തന്നെ പതിന്നാല് താപവൈദ്യുത നിലയങ്ങൾ അടച്ചിടേണ്ടി വന്നിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഗ്രാമീണ മേഖലയിലടക്കം പവർകട്ട് ഏർപ്പെടുത്താണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പ്രതിസന്ധി രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിൻ്റെ കേന്ദ്ര വിഹിതത്തിലും വെട്ടിക്കുറച്ചലുകൾ നടത്തിയിട്ടുണ്ട്. കനത്ത മഴ കാരണം കൽക്കരിയുടെ ശേഖരത്തിലുണ്ടായ വൻ കുറവ് തന്നെയാണ് പ്രതിസന്ധിക്ക് കാരണമായി തീർന്നിരിക്കുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം.
എന്നാൽ യഥാർത്ഥത്തിൽ മോദി സർക്കാർ എല്ലാം സ്വകാര്യ കമ്പനികൾക്ക് തീരെഴുതിയതിൻ്റെ ഫലമായിട്ടാണ് ഈ വിഷമാവസ്ഥ സംജാതമായിട്ടുള്ളത്. കൽക്കരി വിപണനത്തിൻ്റെ അധികാരവും അംബാനി, അദാനിമാർക്ക് നൽകിയതോട് കൂടി അവർ കൽക്കരിയുടെ കരുതൽ ശേഖരത്തെ പറ്റി മറന്ന് കൊണ്ട് റൊക്കം പണം ലഭിക്കുന്ന ചൈനീസ് കമ്പനികൾക്ക് കൽക്കരി ഒരു നിയന്ത്രണവുമില്ലാതെ ലാഭം മാത്രം കാംക്ഷിച്ച് കൊണ്ട് വിറ്റ് തീർത്തത് കൊണ്ടാണ് ഈ ദൗർലഭ്യം അനുഭവപ്പെടുന്നത് എന്നതാണ് യാഥാർത്ഥ്യം. വരാനിരിക്കുന്ന പ്രതിസന്ധിയെ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെങ്കിൽ നമ്മുടെ കേരളത്തിനെയും കാത്തിരിക്കുന്നത് ഇരുട്ടിൻ്റെ നാളുകൾ തന്നെയായിരിക്കും. ഇനിയും ഒരു പവർകട്ടിൻ്റെ ഇരുണ്ട നാളുകൾ ഉണ്ടാകാൻ പാടില്ലെന്ന് തന്നെയാണ് പറയാനുള്ളത് കവികൾ എത്ര ഉറക്കെ പാടിയാലും നിത്യ ജീവിതത്തിൽ തമസ്സ് അത്ര സുഖകരമായ അനുഭവമല്ല.