വിശപ്പിനും വിവേചനം ഉണ്ട്‌

0

2017 ഫെബ്രുവരി 17-ന് ലോകം ഉണര്‍ന്നത് അതു വരെ കേള്‍ക്കാത്ത ഒരു തലക്കെട്ടുമായാണ്: ദക്ഷിണ സുഡാനിലെ പല ഭാഗങ്ങളിലും കൊടും ക്ഷാമം പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷക്കാലയളവില്‍ ലോകത്തൊരിടത്തു നിന്നും കേള്‍ക്കാത്ത വാര്‍ത്ത. വടക്കന്‍ നൈജീരിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ ക്ഷാമകാല മുന്നറിയിപ്പുകള്‍ക്കും മുകളിലായിരുന്നു ഇത്. മൊത്തം 20 ദശലക്ഷം ജനങ്ങൾ പട്ടിണിയിലാണെന്ന പ്രഖ്യാപനം. പട്ടിണി കൊണ്ട് ആള്‍ക്കാര്‍ മരിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് ദക്ഷിണ സുഡാനിലെ ഔപചാരിക ക്ഷാമ പ്രഖ്യാപനം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പുരോഗതിയുടെ വര്‍ഷങ്ങളാണ് ലോകം കണ്ടതെങ്കിലും ലോകത്തിന്റെ ഭക്ഷ്യ സുരക്ഷ ഇപ്പോഴും ഭീഷണിയിലാണ്. സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനവും ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. “വിശപ്പിന് വിവേചനം ഇല്ലെന്ന്” പറയാറുണ്ടെങ്കിലും അതിന് വിവേചനം ഉണ്ട്. ദാരിദ്ര്യത്തിലേക്ക് വഴുതി വീഴാവുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍ ഇത് വലിയ ഭീഷണിയായി മാറാന്‍ പോകുകയാണ്. വിശപ്പവും അസമത്വവും സങ്കീര്‍ണമാംവിധം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. 2030 ആകുമ്പോഴേക്കും ലോകത്തു നിന്ന് വിശപ്പും അസമത്വവും തുടച്ചു നീക്കുമെന്നാണ് യു എന്നിന്റെ വാഗ്ദാനം. പക്ഷേ ലോകം ഇപ്പോഴും ഈ ലക്ഷ്യ പാതയിലെത്തിയിട്ടില്ല.
ലോകത്തിലെ ദരിദ്രരായ മൂന്നിലൊരു പങ്ക് ജനതയും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അവിടങ്ങളിലാകട്ടെ ദാരിദ്ര്യം വളരെ ഉയര്‍ന്ന അളവിലും. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (ഐ എഫ് പി ആര്‍ ഐ), കണ്‍സേണ്‍ വേള്‍ഡ്‌വൈഡും വെല്‍ത്ത്ഹംഗര്‍ലൈഫും സംയുക്തമായി പ്രസിദ്ധീകരിച്ച 2017-ലെ ആഗോള വിശപ്പ് സൂചികയിലേത് (ജി എച്ച് ഐ) ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ലോകമെമ്പാടുമുള്ള വിശപ്പിന്റെ അവസ്ഥ അടിയന്തരമായി പരിഹാരം കാണേണ്ട ഒന്നായി മാറിയിരിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം വിലയിരുത്തപ്പെട്ട 119 രാജ്യങ്ങളില്‍ 44 രാഷ്ട്രങ്ങളാണ് ഗുരുതരമായ സ്ഥിതിവിശേഷത്തിലുള്ളത്. റുവാണ്ടയോടൊപ്പം 100-ആം സ്ഥാനത്താണ് ജി എച്ച് ഐയില്‍ ഇന്ത്യയുടെ സ്‌കോര്‍. ഇന്ത്യക്കു പിന്നില്‍ പാകിസ്ഥാനും അഫ്ഘാനിസ്ഥാനും സുഡാനും പോലെയുള്ള രാജ്യങ്ങളേ അവശേഷിക്കുന്നുള്ളൂ. 2014-ല്‍ ഇന്ത്യയുടെ സ്ഥാനം 55 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സ്ഥാനം 97-ഉം. ഇന്ത്യയില്‍ 21 %-ത്തിലധികം കുട്ടികള്‍ പോഷകഹാരക്കുറവു മൂലമുള്ള വളര്‍ച്ചാ വൈകല്യങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യക്ഷാമം ഗുരുതരമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടേയും സ്ഥാനം. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച വിഭാഗത്തിലാണ് ജി എച്ച് ഐ ഈ വര്‍ഷം പെടുത്തിയിരിക്കുന്നത്. ചൈനയ്ക്കും (29) നേപ്പാളിനും (72) മ്യാന്മറിനും (77) ശ്രീലങ്കയ്ക്കും (84) പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, കുട്ടികളിലെ പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചക്കുറവ് എന്നിങ്ങനെയുള്ള നാല് സുപ്രധാന സൂചകങ്ങളുടെ അടിസ്ഥനത്തിലാണ് ജി എച്ച് ഐ രാഷ്ട്രങ്ങളെ റാങ്ക് ചെയ്യുന്നത്. “പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം വളരെയധികം ഉയര്‍ന്നിരിക്കുന്നുവെന്ന അസ്വസ്ഥതയുണര്‍ത്തുന്ന യാഥാര്‍ത്ഥ്യമാണ് ആഗോള വിശപ്പ് സൂചികയിലെ ഇന്ത്യയുടെ റാങ്കിങ് തെളിയിക്കുന്നത്,” റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ അഞ്ചു വയസ്സില്‍ താഴെയുള്ള അഞ്ചിലൊന്നു കുട്ടികള്‍ അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ശരീരഭാരം നേടുന്നില്ലെന്നും മൂന്നിലധികം കുട്ടികള്‍ അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ഉയരം വയ്ക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. “ദേശീയ പോഷകാഹാര പദ്ധതികളും നയങ്ങളുമെല്ലാം ഇന്ത്യയില്‍ ഏറെ ഉണ്ടെങ്കിലും, വരള്‍ച്ചയും ഘടനാപരമായ അപര്യാപ്തതകളും 2017-ല്‍ ബഹുഭൂരിപക്ഷം ദരിദ്രരേയും പോഷകാഹാരക്കുറവിന്റെ അപകടത്തിലേക്ക് തള്ളിവിട്ടു,” ഐ എഫ് പി ആര്‍ ഐയുടെ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ പി കെ ജോഷി പറയുന്നു.