ദുബായ്∙ ഐസിസി ടി20 ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ക്രീസിലെ റണ്ണൊഴുക്ക് പുറം ലോകം അറിഞ്ഞത് മലയാളിയുടെ കൈകളിലൂടെ. ഐസിസിയുടെ ഔദ്യോഗിക സ്കോറർമാരിൽ ഒരാളായ തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി രമേശ് മന്നത്താണ് കളിക്കണക്കുകൾ ലോകത്തെ കാണിച്ചു കൊണ്ടിരുന്നത്.
ഒൻപതു വർഷമായി രംഗത്തുള്ള രമേശ് എഷ്യാക്കപ്പിലും ഇന്ത്യ-പാക്ക് മത്സരത്തിൽ സ്കോററായിരുന്നു. ഐപിഎൽ ഉൾപ്പടെ ധാരാളം മത്സരങ്ങളിൽ ജോലി ചെയ്തു. ക്രിക്കറ്റ് കളിക്കിടെ പരിചയപ്പെട്ട ഐസിസി സ്കോറർ വഴിയാണ് ഈ രംഗത്തെത്തിയത്.
അദ്ദേഹത്തിനൊപ്പം പല മത്സരങ്ങളിലും സഹായിയായി. ഐസിസിയുടെ പരിശീലനവും നേടിയാണ് ഔദ്യോഗിക സ്കോററായത്. കളി സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കളിക്കാരുടെ വ്യക്തിഗത നേട്ടങ്ങളുടെ വിവരങ്ങളും റെക്കോർഡ് കണക്കുകളുമെല്ലാം ശേഖരിച്ചു വയ്ക്കണം.
കളിക്കളത്തിലെ അംപയർമാരുമായി ആശയവിനിമയവും നടത്തണം. മാനുവൽ സ്കോറിങും ഇലക്ട്രോണിക് സ്കോറിങും നടത്താറുള്ള രമേശ് കഴിഞ്ഞ ദിവസത്തെ കളിയിൽ ഇല്കട്രോണിക് സ്കോററായിരുന്നു.
ഇന്ത്യ-പാക്ക് മത്സരത്തിലെ സ്കോറിങ് ജോലിയാണ് ഏറ്റവുമധികം സമ്മർദ്ദമുണ്ടാക്കുന്നതെന്നും രമേശ് പറഞ്ഞു. ഇത്രയധികം കാണികൾ കണ്ടു കൊണ്ടിരിക്കുന്ന കളിയിൽ ചെറിയ പിശക് പോലും ശ്രദ്ധിക്കപ്പെടുകയും വിമർശന വിധേയമാകുകയും ചെയ്യുമെന്നതാണ് കാരണം. ദുബായിൽ സ്വകാര്യ കമ്പനിയിൽ സ്റ്റോർ മാനേജരാണ്.