ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ 2397.18 ആണ് ഇടുക്കി ഡാമിന്‍റെ ജലനിരപ്പ്. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരുമെന്നു തന്നെയാണ് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിരിക്കുന്നത്. ഡാമിൽ ഓറഞ്ച് അലർട്ട് നിലനില്ക്കുന്നുണ്ട്. ജലനിരപ്പ് ഉയരുമെന്നുള്ള കാര്യത്തിൽ ആശങ്ക ഉള്ളതായി മന്ത്രി വ്യക്തമാക്കി. 2397.86 ആകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും.
ഡാമുകൾ തുറക്കുന്നതിനു 24 മണിക്കൂർ മുൻപ് ജനങ്ങൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്കുമെന്ന് മന്ത്രി അറിയിച്ചു. ഡാമുകൾ ഒരുമിച്ചു തുറക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. രാത്രിയിൽ ഡാമുകൾ തുറന്നു വിടരുതെന്ന കർശന നിർദേശം ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിൽ തീരുമാനിച്ചതായും മന്ത്രി സൂചിപ്പിച്ചു.