കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീക്ക് വിവാഹവും മതവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത ഹൈക്കോടതി. മകളെ ഇതര മതസ്ഥനായ ഒരാള്‍ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ ആകില്ലെന്നും ജസ്റ്റിസുമാരായ സന്‍ജിബ് ബാനര്‍ജി, അര്‍ജിത് ബാനര്‍ജി എന്നിവര്‍ അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പത്തൊന്‍പതുകാരിയായ യുവതിയെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഇവര്‍ മജിസ്‌ട്രേറ്റിന് മൊഴിയും നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും അച്ഛന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
മജിസ്‌ട്രേറ്റിന് മുന്‍പില്‍ മൊഴി നല്‍കുമ്പോള്‍ മകള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റുന്ന സാഹചര്യമുണ്ടായിരുന്നോ എന്നതില്‍ സംശയമുണ്ടെന്നായിരുന്നു അച്ഛന്റെ ഹരജി. ഈ ഹരജിയില്‍ വാദം കേള്‍ക്കുന്ന സമയത്തായിരുന്നു കോടതി പെണ്‍കുട്ടിക്ക് അനുകൂലമായി നിരീക്ഷണം നടത്തിയത്.
യുപിയില്‍ ‘നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്’ എതിരെ ബിജെപി സര്‍ക്കാര്‍ ഈയിടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി വിധി ശ്രദ്ധേയമാകുന്നത്.