ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി: ഇമ്രാൻ ഖാനും മഹമൂദ് ഖുറേഷിക്കും 10 വർഷം തടവ്

0

ഇസ്‌ലാമാബാദ്: ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയതിനു പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിക്കും 10 വർഷം തടവ്. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രത്യേക കോടതി ജഡ്ജി അബ്ദുൽ ഹസ്നത് സുൽഖർനൈന്‍റെ വിധി. അഴിമതിക്കേസിൽ മൂന്നു വർഷം തടവിനു ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ് തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) നേതാവായ ഇമ്രാൻ.

ഇമ്രാനും ഖുറേഷിയുമുൾപ്പെടെ നേതാക്കളുടെ നാമനിർദേശ പത്രിക തള്ളിയതിനു പുറമേ തെരഞ്ഞെടുപ്പു ചിഹ്നമായ “ക്രിക്കറ്റ് ബാറ്റ്’ നിഷേധിക്കപ്പെടുക കൂടി ചെയ്തതോടെ വെല്ലുവിളി നേരിടുകയാണ് പിടിഐ. അതിനിടെയാണു പുതിയ കുരുക്ക്. 2022 മാർച്ച് ഏഴിന് ഒരു പൊതുപരിപാടിയിൽ തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ യുഎസ് ശ്രമിച്ചുവെന്ന് ആരോപിച്ച് ഇമ്രാൻ ഖാൻ ഏതാനും രേഖകൾ ഉയർത്തിക്കാട്ടിയിരുന്നു. ഇതാണ് കേസിന് വഴിവച്ചത്.