2026-ഓടെ നിങ്ങളുടെ വാട്‌സാപ്പും ഇൻസ്റ്റഗ്രാമും അടക്കം IT ഉദ്യോഗസ്ഥർക്ക് സുഗമമായി തുറന്ന്നോക്കാനാകും

0

വ്യവസ്ഥകൾ ലളിതമാക്കുക എന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ മാസം പുതിയ ആദായ നികുതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി നിലവിലുള്ള ആദായ നികുതി നിയമത്തിന് പകരമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. എന്നാൽ പുതിയ ബില്ലിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നികുതിദായകരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്കടക്കം കയറി ചെല്ലാൻ സാധിക്കുന്ന ഭേദഗതികൾ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിരിക്കുകയാണ്.

ട്രേഡിങ് അക്കൗണ്ടുകൾ ഇ-മെയിലുകൾ വാട്സാപ്പും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകൾ എന്നിവിടങ്ങളിലേക്കെല്ലാം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കടന്നുചെല്ലാൻ സാധിക്കുന്ന നിർദേശങ്ങളാണ് പുതിയ ബില്ലിൽ ഉള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ധനമന്ത്രി അവതരിപ്പിച്ച ബില്ല് നിലവിൽ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ് ഉള്ളത്. നികുതി വ്യവസ്ഥകൾ ലളിതമാക്കുക എന്ന പ്രഖ്യാപനത്തോടെ കൊണ്ടുവന്ന ബില്ലിലെ ഇത്തരം വ്യവസ്ഥകൾ ചില നികുതിദായകരിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.

നിലവിലെ നികുതി നിയമത്തിൽ ഡിജിറ്റൽ രേഖകളെ വ്യക്തമായി പരാമർശിക്കാത്തതിനാൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ലാപ്ടോപ്പുകൾ ഹാർഡ് ഡ്രൈവുകൾ ഇ-മെയിലുകൾ എന്നിവയിലേക്ക് ആക്സസ് ആവശ്യപ്പെടുമ്പോൾ പലപ്പോഴും നിയമപരമായ തിരിച്ചടികൾ നേരിട്ടിരുന്നു. പുതിയ നിയമത്തിൽ നികുതി അധികാരികൾക്ക് ഡിജിറ്റൽ ആസ്തികളിലേക്ക് ആക്സസ് ആവശ്യപ്പെടാം. ഒരു നികുതിദായകൻ ഇത് നൽകാൻ വിസമ്മതിക്കുക ആണെങ്കിൽ ഉദ്യോഗസ്ഥർക്ക് പാസ്വേഡുകൾ മറികടക്കടന്ന് ഇത്തരം അക്കൗണ്ടുകളേക്ക് കയറാൻ അനുമതി നൽകുന്നുമുണ്ട്.

പുതിയ ആദായനികുതി ബില്ലിന്റെ 247-ാം വകുപ്പ് അനുസരിച്ച്, നികുതിവെട്ടിപ്പ് അല്ലെങ്കിൽ നികുതി അടയ്ക്കാത്ത ആസ്തികൾ വെളിപ്പെടുത്താത്ത ചില കേസുകളിൽ 2026 ഏപ്രിൽ ഒന്ന് മുതൽ നിങ്ങളുടെ ഇ-മെയിലുകൾ , സോഷ്യൽ മീഡിയ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നിക്ഷേപ അക്കൗണ്ടുകൾ എന്നിവ ആക്സസ് ചെയ്യാൻ ഇന്ത്യയിലെ ആദായനികുതി ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്ന് ബില്ല് രേഖകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചുരുക്കി പറഞ്ഞാൽ നികുതിദായകന്റെ വെർച്വൽ ഡിജിറ്റൽ സ്പെയ്സിൽ സംഭരിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്വതന്ത്രമായി കയറിച്ചെല്ലാമെന്നർത്ഥം.