ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതാം ഓവറിലെ അവസാന പന്തിൽ 240 റൺസിന് ഓൾഔട്ടായി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നീ വാലറ്റക്കാർ ക്രീസിൽ വന്നിട്ടും സ്ട്രൈക്ക് നിലനിർത്താൻ ശ്രമിക്കാതെ, മികച്ച ഫോമിലുള്ള ഓസ്ട്രേലിയൻ ബൗളർമാർക്കു മുന്നിൽ അവരെ എക്സ്പോസ് ചെയ്യുന്ന രീതി സൂര്യകുമാർ യാദവ് തുടരുന്നു. ഇതിനിടെ ഷമിയും ബുംറയും പുറത്താകുകയും ചെയ്തു. വാലറ്റക്കാരെ അവസാന പന്തിൽ സിംഗിൾ എടുപ്പിച്ച് സ്ട്രൈക്ക് നിലനിർത്തുന്ന രീതിയിലാണ് സൂര്യയുടെ സമീപനം. 46 ഓവറിൽ ഇന്ത്യ 221/8, സൂര്യ 24 പന്തിൽ 15.
അഞ്ച് ഓവർ മാത്രം ശേഷിക്കെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ്. ഏഴു പേർ അണിനിരന്ന ഓസ്ട്രേലിയൻ ബൗളിങ് ലൈനപ്പിൽ ആഡം സാംപ പത്തോവർ പൂർത്തിയാക്കി. 44 റൺസ് വഴങ്ങി ബുംറയുടെ വിക്കറ്റും നേടി.
10 പന്തിൽ ഒരു ഫോർ ഉൾപ്പെടെ ആറു റൺസെടുത്ത മുഹമ്മദ് ഷമി പുറത്ത്. സ്റ്റാർക്കിന് മൂന്നാം വിക്കറ്റ്, ഇംഗ്ലിസിന് നാലാമത്തെ ക്യാച്ച്.
107 പന്തിൽ 66 റൺസ് നേടിയ രാഹുൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ആരാധകരെ നിരാശപ്പെടുത്തി. 9 റൺസ് നേടിയ ജഡേജയെ ഹെയ്സൽവുഡ് ജോഷ് ഇംഗ്ലിസിന്‍റെ കൈകളിലെത്തിച്ചു. രാഹുലിനൊപ്പം സൂര്യകുമാർ യാദവാണ് ക്രീസിൽ ബാറ്റിങ് തുടരുന്നത്. ഇരുവരും ചേർന്ന് 41–ാം ഓവറിൽ ടീം സ്കോർ 200 കടത്തി.
സൂപ്പർ താരം വിരാട് കോലി അർധ സെഞ്ചറി നേടി പുറത്തായി. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി പുറത്തായത്. ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്‍റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് പിന്നിലാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 5 വിക്കറ്റുകൾ നഷ്ടമായി. 4 റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്. അഞ്ചാം ഓവറിൽ സ്കോർ 30ൽ നിൽക്കേ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.