ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്ന് സ്ഥിരീകരിച്ച് കരസേന. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നു സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യൻ സൈനികർ സംഘർഷത്തിൽ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ 17 പേർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും അവരെ രക്ഷിക്കാനായില്ല എന്നാണ് കരസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുണ്ട്. അതേസമയം ചൈനീസ് സൈനികരിൽ 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും ചൈനയ്ക്കും ആള്‍നാശം ഉണ്ടായതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാനേതൃത്വം നിർദേശം നൽകി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു.
മേഖലയിൽ നിന്ന് ഇരുസൈന്യവും പിൻമാറിയെന്നും കരസേന വ്യക്തമാക്കുന്നു. മേഖലയിൽ സംഘർഷസ്ഥിതി ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. നിലവില്‍ സംഘര്‍ഷം നടന്ന ഗാല്‍വാന്‍ താഴ്‌വരയില്‍നിന്ന് ചൈന പിന്‍മാറിയെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരും പ്രദേശത്തുനിന്ന് പിന്‍മാറി. ഹെലികോപ്ടര്‍ ഉപയോഗിച്ച് ചൈനീസ് സൈന്യം ചൈനയുടെ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു. വിജയവാഡ സ്വദേശിയ കേണല്‍ ബി സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്.