ദുബായ്: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വിസാ കാലാവധി തടസ്സമാകില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍ അറിയിച്ചു. വിസ കാലാവധി അവസാനിച്ചവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അനുമതി നല്‍കേണ്ടെന്ന കേന്ദ്ര തീരുമാനം യുഎഇ താമസ വിസക്കാര്‍ക്ക് ബാധകമാകില്ലെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 1 ന് ശേഷം കാലാവധി കഴിഞ്ഞ എല്ലാ താമസ, സന്ദര്‍ശക വിസകളും ഈ വര്‍ഷം അവസാനം വരെ പുതുക്കി നല്‍കിയിട്ടുണ്ട് യുഎഇ. ഇക്കാര്യം കോണ്‍സുല്‍ ജനറല്‍ ഇന്ത്യയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് യുഎഇയിലേക്ക് മടങ്ങുന്നതിന് വിസാ കാലാവധി ബാധകമല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എമിഗ്രേഷന്‍ വിഭാഗത്തിനും എല്ലാ വിമാന കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. യുഎഇ സര്‍ക്കാര്‍ എല്ലാ വിസക്കാര്‍ക്കും ഡിസംബര്‍ അവസാനം വരെ കാലാവധി നീട്ടി നല്കിയതിനാല് പ്രവാസി ഇഇന്ത്യക്കാരുടെ യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സം ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിസ കാലാവധി സംബന്ധിച്ച പുതിയ കേന്ദ്ര തീരുമാനം ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര സര്‍ക്കാരുമായി സംസാരിച്ചിരുന്നു. യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് കേന്ദ്രം അറിയിച്ചതായും താമസ വിസക്കാര്‍ക്ക് തിരിച്ചുവരവിന് അപേക്ഷ നല്‍കാമെന്നും കോണ്‍സുല്‍ ജനറല്‍ വിശദമാക്കി.
മൂന്നുമാസം വിസ കാലാവധി ബാക്കിയുള്ളവര്‍ക്ക് മാത്രമെ വിദേശത്തേക്ക് മടങ്ങാനാകൂ എന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗവും എയര്‍ലൈന്‍സുകളും യാത്രക്കാര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍ അറിയിച്ചത്.
മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസയുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ രാജ്യത്ത് തങ്ങാമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. കാലാവധി അവസാനിച്ച താമസ വിസക്കാര്‍ നാട്ടിലാണെങ്കില്‍ ഇവര്‍ക്ക് മടങ്ങി വരാനും അനുമതി നല്‍കിയിരുന്നു. യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ www .smartservices.ica.gov.ae ലൂടെ അപേക്ഷ സമര്‍പ്പിക്കണം. വിസയുടെ കോപ്പി, പാസ്പോർട്ടിന്റെ കോപ്പി, യു.എ.ഇ സന്ദർശിക്കാനുള്ള കാരണം വ്യക്തമാക്കുന്ന രേഖകള്‍ എന്നിവയും അപേക്ഷയോടൊപ്പം ചേര്‍ക്കണം.
രണ്ട് ലക്ഷത്തോളം വിദേശികള്‍ക്ക് മടങ്ങിയെത്താനുള്ള സംവിധാനം തയ്യാറായെന്ന് കഴിഞ്ഞ ദിവസമാണ് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. അനുമതി കിട്ടിയാല്‍ എമിറേറ്റ്സ് ഇത്തിഹാദ് അടക്കമുള്ള വിമാന കമ്പനികളിലേതിലെങ്കിലും ടിക്കറ്റെടുക്കാം. കുടുംബവുമായി എത്തുന്നവര്‍ക്ക്, അടിയന്തര സാഹചര്യം ബോധ്യപെടുത്താനാകുന്നവര്ക്ക് എന്നിവര്‍ക്കാണ് മുന്‍ഗണന. രാജ്യത്തെത്തുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. ഇതിനുള്ള പണം അവരവര്‍ തന്നെ നല്‍കണം. 14 ദിവസത്തെ ക്വാറന്റീനും അനുവദിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയാനായി അല്‍ഹോസന്‍ ആപ്പ് ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യാനും നിര്‍ദ്ദേശമുണ്ട്.